KeralaNEWS

നെഹ്‌റു ട്രോഫിക്കു സര്‍ക്കാര്‍ പണമില്ല; ബേപ്പൂര്‍ വള്ളംകളിക്ക് 2.45 കോടി!

ആലപ്പുഴ: സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പ് അനിശ്ചിതത്വത്തില്‍ നില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ ചെലവില്‍ 2.45 കോടി രൂപ ചെലവിട്ടു ബേപ്പൂര്‍ ഇന്റര്‍നാഷനല്‍ വാട്ടര്‍ ഫെസ്റ്റ് നടത്തുന്നത് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം. സംസ്ഥാന സര്‍ക്കാര്‍ പണം ചെലവഴിച്ചുള്ള ആഘോഷ പരിപാടികള്‍ ഒഴിവാക്കിയെന്നു മുഖ്യമന്ത്രിയും മന്ത്രി പി.എ.മുഹമ്മദ് റിയാസും ആവര്‍ത്തിച്ചു പറയുമ്പോഴാണു മന്ത്രി മുഹമ്മദ് റിയാസിന്റെ സ്വന്തം മണ്ഡലത്തില്‍ വള്ളംകളി നടത്തുന്നത്.

നെഹ്‌റു ട്രോഫി വള്ളംകളി നടത്തിപ്പിനു സര്‍ക്കാര്‍ ഗ്രാന്റ് ആയി ഒരു കോടി രൂപയാണു നല്‍കേണ്ടത്. ഈ തുക നല്‍കില്ലെന്നാണു കേരള ബോട്ട് റേസസ് ഫെഡറേഷന്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിനിധികളോടു മന്ത്രി റിയാസ് കഴിഞ്ഞ ദിവസം പറഞ്ഞത്. ബേപ്പൂരില്‍ വള്ളംകളിക്കായി കഴിഞ്ഞ വര്‍ഷം 1.5 കോടി രൂപ ചെലവിട്ട സ്ഥാനത്താണ് ഇത്തവണ 2.45 കോടി രൂപ ചെലവിടാന്‍ നീക്കം നടക്കുന്നത്. ഇത്തവണ സിബിഎല്‍ ഒഴിവാക്കിയെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും ബേപ്പൂര്‍ വള്ളംകളിക്കു മാത്രം പണം അനുവദിച്ചതാണ് അമര്‍ഷത്തിനു കാരണം.

Signature-ad

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെക്കുന്നുവെന്നായിരുന്നു പരാമര്‍ശം. ബോട്ട് ക്ലബ്ബുകള്‍ പരിശീലനം തുടങ്ങിയിരുന്നുവെങ്കിലും സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു. നെഹ്റു ട്രോഫി മത്സരത്തില്‍ 19 ചുണ്ടന്‍വള്ളങ്ങളടക്കം ആകെ 75 ഓളം വള്ളങ്ങളാണുള്ളത്. വള്ളംകളി മാറ്റിവെക്കുന്നതോടെ 50 ലക്ഷത്തിലേറെയാണ് ഓരോ ക്ലബ്ബിനുമുണ്ടാകുന്ന നഷ്ടം. ഒരു കോടിയാണ് നെഹ്‌റു ട്രോഫിക്കായി സര്‍ക്കാര്‍ നല്‍കുന്ന തുക. ബാക്കി ചെലവിനാവശ്യമായ തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്.

 

Back to top button
error: