KeralaNEWS

ധാര്‍മികമായി രാജിവെച്ചാല്‍ ധാര്‍മികമായി തിരികെവരാന്‍ കഴിയില്ല; മുകേഷ് രാജിവെക്കേണ്ടെന്ന് സിപിഎം

തിരുവനന്തപുരം: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന നടന്‍ മുകേഷ് എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടെന്ന് സി.പി.എം. സിനിമാ നയരൂപവത്കരണ സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കും. സംസ്ഥാന നേതൃയോഗങ്ങള്‍ക്കുശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യം അറിയിച്ചത്.

ധാര്‍മികമായി രാജിവെച്ചാല്‍, കുറ്റവിമുക്തമാക്കപ്പെട്ടാല്‍ ധാര്‍മികമായി തിരികെ വരാന്‍ കഴിയില്ല. ധാര്‍മിക നിയമസംഹിതയില്ല. ഉള്ളത് തിരഞ്ഞെടുപ്പ് നിയമമാണ്. ധാര്‍മികതയുടെ പേരും പറഞ്ഞത് രാഷ്ട്രീയ ഉള്ളടക്കത്തോടെയുള്ള ഏത് ശ്രമത്തേയും അംഗീകരിക്കാനാകില്ല. മുകേഷ് കുറ്റാരോപിതന്‍ മാത്രമായിരിക്കുന്ന സാഹചര്യത്തില്‍ രാജി ആവശ്യം അംഗീകരിക്കുന്നില്ലെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ വിശദീകരണം.

Signature-ad

ആരെയെങ്കിലും സംരക്ഷിക്കുകയെന്ന നിലപാട് സര്‍ക്കാരിനില്ല. ഭരണപക്ഷ എം.എല്‍.എയ്ക്കെതിരെ പോലും കേസെടുത്ത് മുമ്പോട്ടുപോകുന്ന സര്‍ക്കാരാണിത്. ഇക്കാര്യത്തില്‍ രാജ്യത്തിനുതന്നെ മാതൃകയായതാണ് സര്‍ക്കാര്‍ സമീപനം. മുകേഷിന്റെ രാജി സംബന്ധിച്ച് വിശദമായ പരിശോധന നടത്തി. രാജ്യത്ത് 16 എം.പിമാരും 135 എം.എല്‍.എമാരും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ആപണവിധേയരാണ്. ഇവരാരും എം.പി. സ്ഥാനമോ എം.എല്‍.എ സ്ഥാനമോ രാജിവെച്ചിട്ടില്ല. രണ്ട് എം.എല്‍.എമാര്‍ക്കെതിരെ കേരളത്തില്‍ തന്നെ കേസുണ്ട്. ഒരാള്‍ക്ക് ജയിലില്‍ കിടക്കേണ്ടിവന്നിട്ടുണ്ട്. ഉമ്മന്‍ചാണ്ടി, കുഞ്ഞാലിക്കുട്ടി, അനില്‍കുമാര്‍, ഹൈബി ഈഡന്‍, പീതാംബരകുറുപ്പ്, ശശി തരൂര്‍ എന്നിവരുടെ എല്ലാം പേരില്‍ ആരോപണങ്ങളുണ്ടായെങ്കിലും അവരാരും രാജിവെച്ചിട്ടില്ല. മന്ത്രിസ്ഥാനത്തിരുന്നവര്‍ രാജിവെച്ചിരുന്നു.

അതേസമയം, സിനിമയുമായി ബന്ധപ്പെട്ട സമിതികളില്‍ അംഗമായി ഇരിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പാര്‍ട്ടി കൈക്കൊള്ളുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഉന്നതാധികാര സമിതിയില്‍നിന്ന് മുകേഷിനെ ഒഴിവാക്കണം. കേസന്വേഷണത്തില്‍ യാതൊരു ആനുകൂല്യവും എം.എല്‍.എ. എന്നതരത്തില്‍ നല്കേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: