KeralaNEWS

ലൈംഗികാരോപണങ്ങളില്‍ മന്ത്രിമാര്‍ രാജിവെച്ചിട്ടുണ്ട്; എംഎല്‍എ സ്ഥാനം ആരും ഒഴിഞ്ഞിട്ടില്ല

തിരുവനന്തപുരം: ലൈംഗികാരോപണങ്ങളില്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നവര്‍ കേരള രാഷ്ട്രീയ ചരിത്രത്തിലുണ്ട്. എന്നാല്‍ ആരുംതന്നെ എംഎല്‍എ സ്ഥാനം ഒഴിഞ്ഞിട്ടില്ല. 1964 ഫെബ്രുവരി 20. ആര്‍ ശങ്കര്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോ രാജിവെച്ചു. ചാക്കോയുടെ കാര്‍ തൃശൂരില്‍ ഒരു ഉന്തുവണ്ടിയില്‍ ഇടിച്ചപ്പോള്‍, കാറോടിച്ചിരുന്ന ചാക്കോയ്ക്കൊപ്പം കറുത്ത കണ്ണട വച്ച സ്ത്രീ ഉണ്ടായിരുന്നുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു രാജി.

ഐഎഎസുകാരിയായ നളിനി നെറ്റോയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നപ്പോഴാണ് ഗതാഗത മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ക്ക് ഇ കെ നായനാര്‍ മന്ത്രിസഭയില്‍ നിന്ന് 2000-ത്തില്‍ രാജിവയ്ക്കേണ്ടി വന്നത്. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ലൈംഗികപീഡന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് 2004-ല്‍ വ്യവസായമന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്. 2006-ല്‍ വിമാനയാത്രയ്ക്കിടെ യാത്രക്കാരിയെ കയറിപ്പിടിച്ചെന്ന ആരോപണത്തിന്റെ പേരില്‍ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ നിന്ന് പൊതുമരാമത്തു മന്ത്രി പി ജെ ജോസഫ് പുറത്തായി.

Signature-ad

2013-ല്‍ വനംമന്ത്രി കെ ബി ഗണേഷ് കുമാറിന് രാജിവെക്കേണ്ടിവന്നു. ഗാര്‍ഹികപീഡനം ഉള്‍പ്പെടെ ആരോപിച്ച് കെ ബി ഗണേഷ് കുമാറിന്റെ മുന്‍ ഭാര്യ യാമിനി തങ്കച്ചി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു രാജി. ഒന്നാം പിണറായി സര്‍ക്കാരിലെ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ 2017-ല്‍ അശ്ലീല സംഭാഷണത്തിന്റെ പേരില്‍ രാജിവെച്ചു.

ഷൊര്‍ണൂര്‍ എംഎല്‍എയായിരുന്ന പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തക പീഡനപരാതി നല്‍കിയെങ്കിലും തീവ്രത കുറഞ്ഞ പീഡനമാണ് നടന്നതെന്ന് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ വിലയിരുത്തിയതിനാല്‍ കേസ്സ് മുന്നോട്ടുപോയില്ല. സോളാര്‍ വിവാദ കാലത്ത് അതിജീവിത അന്നത്തെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെ ആരോപണമുന്നയിച്ചെങ്കിലും ആരും രാജിവച്ചില്ല. കോവളം എംഎല്‍എ എം വിന്‍സെന്റ് 2016-ല്‍ പീഡനക്കേസില്‍ ജയിലില്‍ കിടന്നെങ്കിലും രാജിവച്ചില്ല. 2022-ല്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയും പീഡനക്കേസില്‍ പ്രതിയായെങ്കിലും എംഎല്‍എ സ്ഥാനത്ത് തുടരുന്നു. അതിനാല്‍ രാജിക്കാര്യത്തില്‍ എംഎല്‍എ എം മുകേഷും മുന്‍ മാതൃകകള്‍ പിന്തുടരാനാണ് സാധ്യത.

 

Back to top button
error: