കൊല്ലം: ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനംചെയ്ത് ദമ്പതികളെ കബളിപ്പിച്ച് 34 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പോലീസിന്റെ പിടിയിലായി. ചവറ, മുകുന്ദപുരം മേനാമ്പള്ളി സരിത ഭവനില്‍ സരിത(39)യെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവുമാണ് തട്ടിപ്പിന് ഇരയായത്.
സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം വാങ്ങിനല്‍കാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. കൂടാതെ സരിതയുടെ പേരില്‍ മത്സ്യബന്ധന ബോട്ട് ഉണ്ടെന്നും അതില്‍ പങ്കാളിയാക്കാമെന്നും വാഗ്ദാനം നല്‍കി. പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത്.
പണം നല്‍കിയിട്ടും വാഗ്ദാനംചെയ്ത ലാഭവിഹിതം കിട്ടാതായതിനെത്തുടര്‍ന്ന് പണം തിരികെ ചോദിക്കാനായി സരിതയുടെ വീട്ടില്‍ച്ചെന്നതോടെയാണ് തട്ടിപ്പു പുറത്തായത്. വീട്ടമ്മയേയും ഭര്‍ത്താവിനെയും സരിതയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി ഇറക്കി വിട്ടു. തുടര്‍ന്ന് ഇവര്‍ ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും ഒട്ടേറെ ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുള്ളതായും കണ്ടെത്തി.