സിഡ്നി: പ്രവൃത്തി സമയം കഴിഞ്ഞാല്‍ മേലുദ്യോഗസ്ഥരുടെയോ തൊഴിലുടമയുടെയോ ഔദ്യോഗിക സന്ദേശങ്ങള്‍ അവഗണിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്ന പുതിയ നിയമം ഓസ്ട്രേലിയയില്‍ നിലവില്‍ വന്നു. ഫോണ്‍ കോളുകള്‍ക്കോ ടെക്സ്റ്റ് സന്ദേശങ്ങള്‍ക്കോ പ്രതികരിക്കേണ്ടതില്ല, ഈമെയില്‍ സന്ദേശങ്ങള്‍ക്കും മറുപടി നല്‍കേണ്ടതില്ല. ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്ന ഭയമില്ലാതെ തന്നെ അത് ചെയ്യാം.
ഓസ്ട്രേലിയയില്‍ എല്ലാ വര്‍ഷവും ശരാശരി 281 മണിക്കൂര്‍ വേതനമില്ലാതെ അധികസമയം ജോലി ചെയ്യുന്നു എന്ന് കഴിഞ്ഞവര്‍ഷം നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു നിയമം നടപ്പിലാക്കുന്നത്. യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലുമായി 20 ഓളം രാജ്യങ്ങളില്‍ സമാനമായ നിയമം നിലവിലുണ്ട്.
പ്രവൃത്തി സമയത്തിന് ശേഷം ജീവനക്കാരുമായി ബന്ധപ്പെടുന്നതിന് തൊഴിലുടമകള്‍ക്കോ മേലധികാരികള്‍ക്കോ വിലക്കില്ല. എന്നാല്‍, കാരണമൊന്നും ബോധിപ്പിക്കാതെ തന്നെ അവരുടെ ഫോണുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ പ്രതികരിക്കാതിരിക്കാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ഉണ്ടായിരിക്കും. ഈ നിയമമനുസരിച്ച്, ഏതെങ്കിലും വിധത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍, അത് തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. അങ്ങനെയൊരു പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ ഓസ്ട്രേലിയയിലെ ഫെയര്‍ വര്‍ക്ക് കമ്മീഷന് അതില്‍ ഇടപെടാം.
കേസുകളില്‍ ഇടപെടുന്ന ഫെയര്‍ വര്‍ക്ക് കമ്മീഷന്, പ്രവൃത്തി സമയം കഴിഞ്ഞാല്‍ തൊഴിലാളിയുമായി ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് തൊഴിലുടമയോട് ആവശ്യപ്പെടാം. കമ്മീഷന്‍ ഉത്തരവിന് എതിരായി പ്രവര്‍ത്തിച്ചാല്‍ തൊഴിലുടമയ്‌ക്കോ മേലധികാരിക്കോ 19,000 ഓസ്ട്രേലിയന്‍ ഡോളര്‍ (9,762 പൗണ്ട്) പിഴ വിധിക്കും. ഒപ്പം സ്ഥാപനത്തിന് 94,000 ഓസ്ട്രേലിയന്‍ ഡോളര്‍ പിഴയും ചുമത്തും.
തൊഴിലാളി സംഘടനകള്‍ എല്ലാം തന്നെ ഈ നിയമത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് തൊഴിലുടമകളെയും സഹായിക്കുമെന്നാണ് തൊഴിലടത്തെ കുറിച്ച് പഠിച്ച വിദഗ്ധരുടെ അഭിപ്രായം. ആവശ്യത്തിന് വിശ്രമം ലഭിക്കുന്ന തൊഴിലാളിക്കായിരിക്കും കൂടുതല്‍ പ്രവര്‍ത്തനക്ഷമത കൈവരിക്കാന്‍ കഴിയുക എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ആവശ്യത്തിന് വിശ്രമം ലഭിക്കുക വഴി സിക്ക് ലീവുകള്‍ കുറയും. തൊഴിലളി സ്ഥാപനം വിട്ട് പോകുന്നതിനുള്ള സാധ്യതയും കുറയുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.