IndiaNEWS

മമതയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ മാര്‍ച്ച്; ആക്രമണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്്, പഴുതടച്ച സുരക്ഷ

കൊല്‍ക്കത്ത: ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറുടെ മരണത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത നഗരത്തില്‍ ഇന്ന് വന്‍ പ്രതിഷേധ റാലി നടക്കും. ‘നഭന്ന അഭിജാന്‍’ (സെക്രട്ടേറിയറ്റ് മാര്‍ച്ച്) എന്ന പേരിട്ടിരിക്കുന്ന പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് കൊല്‍ക്കത്ത നഗരം വന്‍ സുരക്ഷാ വലയത്തിലാണ്. ത്രിതല സുരക്ഷയ്ക്കായി 6,000 പൊലീസുകാരെയാണ് മമതാ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസടക്കം സ്ഥിതി ചെയ്യുന്ന സെക്രട്ടേറിയറ്റിലേക്ക് എത്തുന്നതിന് മുന്‍പ് പ്രതിഷേധ മാര്‍ച്ച് തടയാനാണ് കൊല്‍ക്കത്ത പൊലീസിന്റെ നീക്കം. മാര്‍ച്ചിനിടെ അക്രമം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഓഗസ്റ്റ് 9ന് കൊല്‍ക്കത്തയിലെ ആര്‍.ജി.കര്‍ മെഡിക്കല്‍ കോളജില്‍ 31 വയസ്സുകാരിയായ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നീതി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥി സംഘടനയുടെ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച്. ബലാത്സംഗ കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്നതിന് പുറമെ, മമതാ ബാനര്‍ജി രാജി വയ്ക്കണമെന്നും വിദ്യാര്‍ഥി സംഘടനയായ ‘പശ്ചിംബംഗ ഛത്രോ സമാജ്’ ആവശ്യപ്പെടുന്നുണ്ട്. റാലി സമാധാനപരമായിരിക്കുമെന്നാണ് വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ അറിയിച്ചിരിക്കുന്നത്.

Signature-ad

പ്രതിഷേധത്തെ ഏതു വിധത്തിലും അടിച്ചമര്‍ത്താന്‍ തന്നെയാണ് പൊലീസിന്റെ നീക്കം. ബംഗാളില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയുടെ തെളിവുകള്‍ തങ്ങള്‍ ലഭിച്ചുവെന്നും പൊലീസ് പറയുന്നു. പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച വിദ്യാര്‍ഥി സംഘത്തില്‍പ്പെട്ടയാള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവിനെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് കണ്ടുമുട്ടിയെന്നും പൊലീസ് ആരോപിക്കുന്നുണ്ട്.

രാവിലെ മുതല്‍ നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ബാരിക്കേഡ് നിരത്താനാണ് പൊലീസ് നീക്കം. ഹേസ്റ്റിംഗ്‌സ്, ഫര്‍ലോങ് ഗേറ്റ്, സ്ട്രാന്‍ഡ് റോഡ്, കൊല്‍ക്കത്തയുടെ ഇരട്ട നഗരമായ ഹൗറ തുടങ്ങിയ സ്ഥലങ്ങള്‍ പൊലീസിന്റെ കനത്ത സുരക്ഷാ വലയത്തിലാണ്. 19 ഇടങ്ങളില്‍ പ്രതിഷേധക്കാരെ തടയാനുള്ള നീക്കം ശ്കതമാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം നഗരത്തില്‍ ക്യാംപ് ചെയ്യുകയാണ്. അതിനിടെ യുജിസിഎന്‍ഇടി പരീക്ഷ എഴുതാന്‍ നഗരത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Back to top button
error: