KeralaNEWS

മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം; ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്ന് ഒഴിഞ്ഞേക്കും

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സി.പി.എം. എം.എല്‍.എയും നടനുമായ എം. മുകേഷ് ആരോപണനിഴലില്‍ നില്‍ക്കുമ്പോഴും കൈവിടാതെ പാര്‍ട്ടി. മുകേഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന വാദത്തിലാണ് പാര്‍ട്ടി പ്രതിരോധം. സമാന ആരോപണങ്ങളില്‍ യു.ഡി.എഫ് എം.എല്‍.എ.മാര്‍ രാജിവെച്ചിട്ടില്ലെന്നും സി.പി.എം. ചൂണ്ടിക്കാട്ടുന്നു.

ഹൈക്കോടതി നിലപാട് അനുസരിച്ച് തുടര്‍നടപടിയെന്ന ധാരണയിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്ത സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിഞ്ഞത്. അതിനുശേഷമാണ് വെളിപ്പെടുത്തലുകളുടെ പരമ്പരയുണ്ടായത്. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍സ്ഥാനം രഞ്ജിത്തിന് രാജിവെക്കേണ്ടിവന്നു. പിന്നാലെ മുകേഷും ആരോപണം നേരിടുകയാണ്.

Signature-ad

വഴങ്ങിത്തരണമെന്ന് മുകേഷ് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍ സംസാരിച്ചുവെന്നു നടി മിനു മുനീര്‍ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. കൂടാതെ, സിനിമാലോകത്തെ പിടിച്ചുലച്ച മീ ടൂ ക്യാമ്പെയ്‌നിടെ 2018-ല്‍ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫും മുകേഷിനെതിരേ ആരോപണം ഉന്നയിച്ചിരുന്നു.

കോടീശ്വരന്‍ പരിപാടിയുടെ അവതാരകനായിരുന്ന മുകേഷ് ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നു എന്നായിരുന്നു ടെസിന്റെ ആരോപണം. വഴങ്ങാതെ വന്നപ്പോള്‍ മുകേഷിന്റെ മുറിയ്ക്കടുത്തേക്ക് തന്നെ മാറ്റിയെന്നും ടെസ് പറഞ്ഞിരുന്നു.

അതേസമയം, ചലച്ചിത്ര നയരൂപീകരണ സമിതിയില്‍നിന്നും മുകേഷിനെ മാറ്റിയേക്കും. അതിനിടെ, മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം കനക്കുകയാണ്. മഹിളാമോര്‍ച്ച, മഹിളാ കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ തിങ്കളാഴ്ച അദ്ദേഹത്തിന്റെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: