കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു നടി കൂടി. തന്റെ സുഹൃത്തായ നടിയുടെ വീട്ടിലെത്തി അമ്മയോട് അപമര്യാദയായി പെരുമാറി. അവര്‍ മുകേഷിനെ വീട്ടില്‍ നിന്ന് ആട്ടിയിറക്കിയെന്നും നടി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു
‘എന്റെ സുഹൃത്തായ നടി വീട്ടില്‍ ഇല്ലാത്തപ്പോള്‍ അവിടെയെത്തി അവരുടെ അമ്മയോട് മോശമായി പെരുമാറി. എനിക്ക് അവരുടെ ഐഡന്‍ഡിറ്റി വെളിപ്പെടുത്താനാവില്ല. ഇങ്ങനെയൊരു അനുഭവം ഉണ്ടായാതായി അവര്‍ എന്നോട് പറഞ്ഞു. അവരുടെ വീട് തേടിപിടിച്ചു പോയി മോശമായി പെരുമാറുകയായിരുന്നു. അവരെ പുള്ളി അടിച്ചുപുറത്താക്കി’- നടി സന്ധ്യ മാധ്യമങ്ങളോട് പറഞ്ഞു.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിച്ചുവിനെതിരേയും സന്ധ്യ ആരോപണം ഉന്നയിച്ചു. വഴങ്ങിയാല്‍ മാത്രമേ സിനിമയില്‍ അവസരം നല്‍കൂവെന്നും ഇല്ലെങ്കില്‍ ജോലിയില്ലാതെ വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞുവെന്നും സന്ധ്യ ആരോപിച്ചു.’അഭിനയ മോഹം കൊണ്ടാണ് സിനിമയിലെത്തയത്. ഞാന്‍ ആകെ ഒരു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. ‘അമല’ എന്ന ചിത്രത്തില്‍. അവസരം ലഭിക്കണമെങ്കില്‍ വഴങ്ങണമെന്നാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പറഞ്ഞത്. എനിക്ക് അങ്ങനെ അവസരം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ ജോലി ഇല്ലാതെ വീട്ടിലിരുന്നോളൂ എന്നാണ് പറഞ്ഞത്. സിനിമ മാത്രമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞതോടെ അവസരങ്ങള്‍ ഇല്ലാതായി’- സന്ധ്യ വ്യക്തമാക്കി.
അതേസമയം, മുകേഷിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടി മിനു മുനീര്‍ ഇന്ന് പരാതി നല്‍കും. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയിലായി പരാതി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോപണവിധേയരായ മറ്റ് താരങ്ങളായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കും.
പ്രത്യേക അന്വേഷണ സംഘം മിനു മുനീറിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പരാതിയുമായി മുന്നോട്ടുപോകുമെന്നാണ് മിനു മുനീര്‍ അന്വേഷണ സംഘത്തെ അറിയിച്ചത്. രണ്ട് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയും മിനു മുനീര്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെയും നടി പരാതി നല്‍കുമെന്നാണ് സൂചന.നടന്‍മാരായ മുകേഷും ജയസൂര്യയും ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് നടി മിനു മുനീര്‍ വെളിപ്പെടുത്തിയത്.
സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില്‍ വെച്ച് മുകേഷ് കടന്നുപിടിച്ചു. താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് പറഞ്ഞു. അമ്മയില്‍ അംഗത്വം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടണമെന്നും മുകേഷ് ആവശ്യപ്പെട്ടു. താന്‍ എതിര്‍ത്തതിന്റെ പേരില്‍ അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മിനു മുനീര്‍ വെളിപ്പെടുത്തിയിരുന്നു.