CrimeNEWS

ബെല്‍ഫാസ്റ്റില്‍ മലയാളി യുവാവിനെ ആക്രമിച്ചു; കുടിയേറ്റ വിരുദ്ധപ്രക്ഷോഭം പടരുന്നു, ബ്രിട്ടനില്‍ വ്യാപക അറസ്റ്റ്

ലണ്ടന്‍: സൗത്ത്‌പോര്‍ട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ പൊട്ടിപ്പുറപ്പെട്ട അക്രമ പരമ്പരയ്ക്ക് ശമനമില്ല. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാന നഗരമായ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന മലയാളി യുവാവിനു നേരെ ആക്രമണമുണ്ടായി. ഇദ്ദേഹം ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ രാത്രിയിലായിരുന്നു ആക്രമണം.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഇതേ യുവാവിനു നേരെ മുട്ടയേറു നടന്നിരുന്നു. ഇതു ചെയ്തവര്‍ക്കെതിരെ യുവാവു ചോദ്യങ്ങള്‍ ഉയര്‍ത്തുകയും എതിര്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് എത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.

Signature-ad

ഇയാള്‍ നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നു തല്ലി താഴെയിട്ട ശേഷം കൂട്ടം ചേര്‍ന്നു നിലത്തിട്ടു ചവിട്ടുകയായിരുന്നത്രെ. പരുക്കേറ്റ ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതോടെ ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിച്ചതായാണ് വിവരം. യുവാവിനു ഗുരുതരമായ പരുക്കുകളില്ല. പ്രായപൂര്‍ത്തിയാകാത്തവരാണ് ആക്രമണത്തിനു നേതൃത്വം നല്‍കുന്നവരില്‍ ഏറെയും എന്നതു നടപടി എടുക്കുന്നതില്‍ നിന്നു പൊലീസിനെയും പിന്തിരിപ്പിക്കുന്നുണ്ട്.

സംഭവത്തിനു പിന്നാലെ, പ്രക്ഷോഭ മേഖലയില്‍ താമസിക്കുന്ന മലയാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അനാവശ്യമായും ഒറ്റപ്പെട്ടും നഗരത്തില്‍ ചുറ്റി നടക്കരുതെന്നും വാട്സാപ് ഗ്രൂപ്പുകളിലൂടെ മലയാളി സംഘടനകള്‍ ഉള്‍പ്പടെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൂട്ടമായി മലയാളം സംസാരിച്ചു മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതില്‍ നിന്നു വിട്ടു നില്‍ക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം, കല്ലേറും പടക്കമേറും കട തീവയ്ക്കലും ഹോട്ടല്‍ ആക്രമണവും ഉള്‍പ്പെടെ സംഭവങ്ങളില്‍ നൂറോളം പേര്‍ അറസ്റ്റില്‍. സ്ഥിതി നിയന്ത്രിക്കാനുള്ള നടപടികളില്‍ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പൊലീസിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ബ്രിട്ടനിലെ മുസ്ലിംകളുടെ സുരക്ഷാ ആശങ്ക വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിറത്തിന്റെ പേരില്‍ ജനങ്ങള്‍ ഭീതിയനുഭവിക്കുന്നതു ശരിയല്ലെന്നും നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ലിവര്‍പൂള്‍, ലീഡ്‌സ്, നോട്ടിങ്ങാം, മാഞ്ചസ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. കുടിയേറ്റക്കാര്‍ താമസിക്കുന്ന ഒരു ഹോട്ടലിനു നേരെ കല്ലേറുണ്ടായി.

സൗത്ത്‌പോര്‍ട്ടില്‍ മൂന്നു പെണ്‍കുട്ടികളുടെ മരണത്തില്‍ കലാശിച്ച കത്തിയാക്രമണത്തിനു പിന്നില്‍ വെയില്‍സില്‍ ജനിച്ച 17 വയസ്സുകാരനാണെന്നതുള്‍പ്പെടെ വസ്തുതകള്‍ പുറത്തുവന്നിട്ടും തീവ്രവലതു സംഘങ്ങളുടെ പ്രക്ഷോഭം തുടരുകയാണ്. കറുത്തവര്‍ഗക്കാരന്‍ പൊലീസിന്റെ വെടിയേറ്റുമരിച്ചതിനെത്തുടര്‍ന്ന് 2011ല്‍ കത്തിപ്പടര്‍ന്നതായിരുന്നു ഇതിനുമുന്‍പ് ബ്രിട്ടനിലുണ്ടായ വലിയ പ്രക്ഷോഭം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: