തിരുവനന്തപുരം: ക്ഷേത്രദര്‍ശനത്തിനെന്ന പേരില്‍ നഗരത്തിലെത്തി മോഷ്ടിച്ച സ്‌കൂട്ടറില്‍ കറങ്ങിനടന്ന് നിരവധി മോഷണം നടത്തിയ കാമുകിയും കാമുകനും പിടിയില്‍. ബാംഗ്ലൂര്‍ ഇലഹങ്ക സ്വദേശി പ്രകാശ്(31), ഇയാളുടെ കാമുകി പശ്ചിമ ബംഗാള്‍ സ്വദേശി ശാശ്വതി പത്ര (22) എന്നിവരെയാണ് തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
പദ്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് ഇവര്‍ തമ്പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ പാര്‍ത്ഥാസ് ടെക്‌സ്റ്റെയില്‍സിന് സമീപമുള്ള ന്യൂറോണ്‍ സ്റ്റിച്ചിംഗ് സെന്റര്‍ ജീവനക്കാരന്റെ സ്‌കൂട്ടര്‍ മോഷ്ടിച്ച് അതില്‍ കറങ്ങിയായിരുന്നു മറ്റു മോഷണങ്ങള്‍ നടത്തിയത്.
കരമന സ്റ്റേഷന്‍ പരിധിയിലെ മൈജി ഷോറൂമില്‍ നിന്ന് ഒരു സി.സി ടിവി ക്യാമറ മോഷ്ടിച്ചു,ക്യൂ.ആര്‍.എസിന്റെ ഷോറൂമില്‍ കയറിയെങ്കിലും ഒന്നും കവര്‍ന്നില്ല. പിന്നീട് വഞ്ചിയൂര്‍ സ്റ്റേഷന്‍ പരിധിയിലെ മാളില്‍ നിന്ന് ടാബ് മോഷ്ടിച്ചു. ഇവരുടെ ബാഗ് പരിശോധിച്ചപ്പോള്‍ 1,10,000 രൂപ വിലവരുന്ന സാംസങ് മൊബൈല്‍ ഫോണ്‍, ക്യാമറയുള്ള എഫ്.എം റേഡിയോ, വിലപിടിപ്പുള്ള ബ്ലാക്ക് മെറ്റല്‍ ഡിസൈന്‍ സാധനങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. ഇതെല്ലാം മോഷ്ടിച്ചതാണെന്ന് തമ്പാനൂര്‍ പൊലീസ് പറഞ്ഞു.
പ്രകാശ് ബാംഗ്ലൂരില്‍ എം.ബി.എയ്ക്കും ശാശ്വതി പത്ര ബി.ആര്‍ക്കിനും പഠിക്കുകയാണ്. രണ്ടുദിവസം മുന്‍പാണ് ഇവര്‍ നഗരത്തില്‍ ട്രെയിനിറങ്ങിയത്. തമ്പാനൂര്‍ എസ്.എച്ച്.ഒ ശ്രീകുമാര്‍ വി.എം,എസ്.ഐ വിനോദ്,സജു എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.