തിരുവനന്തപുരം: സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി അവസാനിക്കും. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷമാണ് ബോട്ടുകള്‍ കടലിലേക്ക് ഇറങ്ങുന്നത്. പുത്തന്‍ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകള്‍ തയ്യാറാണ്. 3500 ഇല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അര്‍ദ്ധരാത്രിയോടെ കടലിലിറക്കുന്നത്.
പരമ്പരാഗത ത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്റെ വില ഗണ്യമായി വര്‍ധിക്കാനും കാരണമായി. ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ആവശ്യാനുസൃതം മത്സ്യം ലഭിക്കുകയും നിലവിലെ വില കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് പൊതുവിലുള്ളത്.
അനക്കമറ്റുകിടന്ന തീരവും ഹാര്‍ബറുകളുമെല്ലാം വീണ്ടും ഉഷാറായിത്തുടങ്ങി. കായലോരത്തെ ഇന്ധനപമ്പുകളും പ്രവര്‍ത്തിച്ചുതുടങ്ങും. അന്യസംസ്ഥാന തൊഴിലാളികളില്‍ 90 ശതമാനവും ഹാര്‍ബറുകളില്‍ തിരിച്ചെത്തി. ബോട്ടുകളുടെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഹാര്‍ബറുകളില്‍ അടുപ്പിക്കാനുള്ള തിരക്കിലാണ് തൊഴിലാളികള്‍. വലകളുടെയും മറ്റും അറ്റകുറ്റപ്പണികളും കഴിഞ്ഞു.
അതേസമയം, കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍നിന്ന് പോകുന്ന ബോട്ടുകള്‍ തിരിച്ച് ഹാര്‍ബര്‍ പിടിക്കാന്‍ സാദ്ധ്യത കുറവാണ്. അറ്റകുറ്റപ്പണികള്‍ എന്ന പേരില്‍ തുടങ്ങിവച്ച പ്രവൃത്തികള്‍ എങ്ങുമെത്താതെ കിടക്കുന്നതിനാല്‍ കൊച്ചിയിലെ ബോട്ടുകള്‍ മറ്റു ഹാര്‍ബറുകളില്‍ അടുക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അതോടെ അമ്പതോളം കച്ചവടക്കാര്‍ പെരുവഴിയിലാകും.