KeralaNEWS

രാത്രി വൈകിയും വയനാടിനായി കളക്ഷന്‍ സെന്ററില്‍ നിഖില വിമല്‍; പിന്തുണയുമായി സിനിമാ മേഖലയും

കണ്ണൂര്‍: ഉരുള്‍പൊട്ടലെടുത്ത വയനാടിന് സഹായമെത്തിക്കാന്‍ സജീവപ്രവര്‍ത്തനത്തില്‍ പങ്കാളിയായി നടി നിഖില വിമല്‍. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായമെത്തിക്കുന്ന കളക്ഷന്‍ പോയിന്റിലാണ് നിഖില വിമല്‍ വളണ്ടിയറായി എത്തിയിട്ടുള്ളത്. തളിപ്പറമ്പില്‍ സജ്ജമാക്കിയ കളക്ഷന്‍ സെന്ററില്‍ രാത്രി വൈകിയും താരം പ്രവര്‍ത്തനം തുടര്‍ന്നു.

നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, നടന്‍ ടൊവിനോ തോമസ് എന്നിവരടക്കമുള്ളവര്‍ വയനാടിനായി കൈകോര്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Signature-ad

വിവിധ യുവജന സംഘടനകള്‍ ഇതിനോടകം തന്നെ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്കായി സഹായമെത്തിക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ക്യാമ്പസുകളില്‍നിന്നും ക്യാമ്പുകളിലേക്ക് എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടനകളും ക്യാമ്പെയ്ന്‍ ആരംഭിച്ചിട്ടുണ്ട്.

കുടിവെള്ളം, ബിസ്‌ക്കറ്റ്, ബ്രഡ് പോലുള്ള ഭക്ഷണസാമഗ്രികള്‍, സാനിറ്ററി നാപ്കിന്‍, ഡയപ്പറുകള്‍, വസ്ത്രങ്ങള്‍, പുതപ്പ് അടക്കുള്ള വസ്തുക്കളാണ് ഇവര്‍ ശേഖരിച്ച് ക്യാമ്പുകളിലെത്തിക്കുന്നത്.

അതേസമയം, വയനാട്ടില്‍ രണ്ടാം ദിന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാല് സംഘങ്ങളായി 150 സൈനികര്‍ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെടുത്തിട്ടുണ്ട്. സൈനികര്‍, എന്‍.ഡി.ആര്‍.എഫ്, ആരോഗ്യ പ്രവര്‍ത്തകര്‍, അഗ്‌നിരക്ഷാ സേന അടങ്ങുന്ന സംഘവും ഇതിലുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഹെലികോപ്റ്റര്‍ ഇറക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ മുണ്ടക്കൈയില്‍ താത്കാലിക പാലം നിര്‍മിക്കുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തിലാണ് പാലം നിര്‍മാണം നടക്കുന്നത്. മുണ്ടക്കൈയില്‍ അമ്പതിലേറെ വീടുകളാണ് തകര്‍ന്നിരിക്കുന്നത്. നിരവധി ആളുകള്‍ ഇപ്പോഴും മുണ്ടക്കൈയിലും ചൂരല്‍മലയിലും കുടുങ്ങുക്കിടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് 98 പേരെ കാണാനില്ലെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. 20 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യം ഇന്നലെ രാത്രിയോടെയാണ് അവസാനിച്ചത്. ദുരിതബാധിതര്‍ക്കായി വയനാട്ടില്‍ എട്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 1222 പേരാണ് ക്യാമ്പുകളിലായി ഉള്ളത്.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 147 ആയി. ഇതുവരെ 48 ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. 191 പേര്‍ നിലവില്‍ ചികിത്സയിലാണ്. വയനാട്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ മഴ കുറഞ്ഞ സാഹചര്യമാണ് ജില്ലയില്‍. ഇത് രക്ഷാപ്രവര്‍ത്തനത്തിന് ആശ്വാസകരമാകുമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം (30/07/2024) പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ മുതല്‍ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മുണ്ടക്കൈയില്‍ എന്താണ് സംഭിച്ചതെന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയുണ്ടായിരുന്നില്ല. 11 മണിക്കൂറുകള്‍ക്ക് ശേഷമാണ് എന്‍.ഡി.ആര്‍.എഫ് സംഘത്തിന് പുഴ കടന്ന് മുണ്ടക്കൈയില്‍ എത്താന്‍ സാധിച്ചത്. വൈകുന്നേരത്തോടെ എയര്‍ഫോര്‍സും മുണ്ടക്കൈയില്‍ എത്തിയിരുന്നു.

മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, പി.കെ. മുഹമ്മദ് റിയാസ്, കെ. രാജന്‍, ഒ.ആര്‍. കേളു, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം നടക്കുന്നത്. 2019ലെ പുത്തുമല ദുരന്തത്തിന് ശേഷം വയനാടിനെ തകര്‍ത്തതും കേരളത്തില്‍ ഇതുവരെയുണ്ടായതില്‍ ഏറ്റവും വലിയതുമായ ഉരുള്‍പൊട്ടലായിരുന്നു ഇത്.

 

Back to top button
error: