ബംഗളൂരു: ശസ്ത്രക്രിയക്ക് പിന്നാലെ, യുവതിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ 20 വര്‍ഷത്തിന് ശേഷം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഉപഭോക്തൃ കോടതി. ബംഗളൂരു സ്വദേശിനിയ്ക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. അശ്രദ്ധമായി സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ പത്മാവതിക്ക് അന്‍പതിനായിരം രൂപ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
പോളിസി കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി യുവതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവ്. 2004 സെപ്തംബര്‍ 29-നാണ് 32കാരി ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. രണ്ടു ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷവും അതികഠിനമായ വയറുവേദനയെ തുടര്‍ന്ന് യുവതി ഇതേ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ അത് ശസ്ത്രക്രിയയുടെ ഭാഗമായാണെന്നും അത് ഭേദമാകുമെന്ന് പറഞ്ഞ് വേദനസംഹാര ഗുളികകള്‍ നല്‍കിയ ശേഷം പറഞ്ഞയക്കുകയും ചെയ്തു.
വര്‍ഷങ്ങളോളം തുടര്‍ച്ചയായി വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്മാവതി രണ്ടുതവണ അതേ ആശുപത്രിയില്‍ ചികിത്സ തേടി. 2010ല്‍ വേദനയ്ക്ക് മാറ്റമില്ലാതെ വന്നതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് വയറുവേദനയുടെ കാരണം കണ്ടെത്തിയത്. ആശുപത്രിയില്‍ നടത്തിയ സ്‌കാനിങില്‍ പത്മാവതിയുടെ അടിവയറിന്റെ ഭാഗത്തായി ഒരു സര്‍ജിക്കല്‍ സൂചി കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തു. 3.2 സെന്റിമീറ്റര്‍ നീളമുള്ള സര്‍ജിക്കല്‍ സൂചിയാണ് ശസ്ത്രക്രിയയിലുടെ പുറത്തെടുത്തത്. ഇതിന് പിന്നാലെ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
സൂചി നീക്കുന്നതുവരെ, യുവതി വര്‍ഷങ്ങളോളം കടുത്ത വേദനയാണ് അനുഭവിക്കേണ്ടി വന്നതെന്ന് കോടതി ഉത്തരവില്‍ പറയുന്നു. അതിനാല്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഇന്‍ഷൂറന്‍സ് കമ്പനി ആ തുക നല്‍കണമെന്നും ശസ്ത്രക്രിയയില്‍ അശ്രദ്ധ കാണിച്ച രണ്ടുഡോക്ടര്‍മാരും കോടതി വ്യവഹാര ചെലവിന്റെ ഭാഗമായി യുവതിക്ക് അന്‍പതിനായിരം രൂപ നല്‍കാനും കോടതി ഉത്തരവിട്ടു.