കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കറിനെയും സ്റ്റാഫ് സെക്രട്ടറി കെ.പി രമേശനെയും മര്‍ദ്ദിച്ച സംഭവത്തില്‍ നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. അന്വേഷണ കമ്മീഷന്‍ മുമ്പാകെ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എസ് എഫ് ഐ പ്രവര്‍ത്തകരായ തേജു സുനില്‍ എം.കെ (രണ്ടാം വര്‍ഷം ബി ബി എ), തേജുലക്ഷ്മി ടി.കെ (മൂന്നാം വര്‍ഷം ബി ബി എ) അമല്‍ രാജ് ആര്‍ പി (രണ്ടാം വര്‍ഷം ബികോം) അഭിഷേക് എസ് സന്തോഷ് (രണ്ടാം വര്‍ഷം സൈക്കോളജി) എന്നിവരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്.
ഈ മാസം ആദ്യവാരമായിരുന്നു സംഭവം. നാല് വര്‍ഷ ബിരുദ കോഴ്‌സ് പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പ്രിന്‍സിപ്പലിനേയും സ്റ്റാഫ് സെക്രട്ടറിയേയും എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോളേജ് അടച്ചിടുകയും ചെയ്തിരുന്നു.
കോളേജ് ഓഫീസിലെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കം അന്വേഷണ കമ്മീഷന്‍ പരിശോധിച്ചിരുന്നു. പ്രിന്‍സിപ്പലിനെതിരെ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി നവതേജ് എസ് മോഹന്‍ നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ വിവിധ വിദ്യാര്‍ത്ഥി സംഘടനകളും സാംസ്‌കാരിക പ്രവര്‍ത്തകരും നേരത്തെ പ്രതിഷേധിച്ചിരുന്നു. കൂടാതെ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.