IndiaNEWS

യോഗി കൂടുതല്‍ ഒറ്റപ്പെടുന്നു, കാവടി യാത്രയെച്ചൊല്ലിയും വിമര്‍ശനം; വിമര്‍ശനവുമായി ഘടകകക്ഷികളും

ന്യൂഡല്‍ഹി: ശ്രാവണമാസത്തിലെ കാവടി തീര്‍ഥയാത്ര കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിലെ കടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ എന്‍.ഡി.എയില്‍ കൂടുതല്‍ എതിര്‍ സ്വരങ്ങള്‍ ഉയരുന്നു. കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാര്‍ട്ടി നേതാവുമായ ചിരാഗ് പാസ്വാനാണ് ഏറ്റവുമൊടുവില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയത്. മുസഫര്‍നഗര്‍ പോലീസിന്റെ നിര്‍ദേശത്തോട് യോജിക്കുന്നില്ലെന്ന് ചിരാഗ് പി.ടി.ഐ വാര്‍ത്താഏജന്‍സിയോട് പ്രതികരിച്ചു.

മതത്തിന്റേയും ജാതിയുടേയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പോലീസ് നിര്‍ദേശത്തെ അനുകൂലിക്കുന്നില്ലെന്നായിരുന്നു പാസ്വാന്റെ പരാമര്‍ശം. മതത്തിന്റേയോ ജാതിയുടേയോ പേരിലുള്ള വിഭജനങ്ങളെ താന്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, നിര്‍ദേശത്തില്‍ വിമര്‍ശനവുമായി നിതീഷ് കുമാറിന്റെ ജെ.ഡി.യു. അടക്കമുള്ള എന്‍.ഡി.എ. ഘടകകക്ഷികള്‍ രംഗത്തെത്തിയിരുന്നു.

Signature-ad

മുസഫര്‍നഗര്‍ പോലീസിന്റെ നിര്‍ദേശത്തിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തീരുമാനം പിന്‍വലിച്ചിരുന്നു. എന്‍.ഡി.എ. സഖ്യകക്ഷി ആര്‍.എല്‍.ഡിയുടെ ജയന്ത് ചൗധരിയും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പേരില്‍ യു.പി. ബി.ജെ.പിയില്‍ യോഗിയെ ലക്ഷ്യമിട്ട് നീക്കങ്ങള്‍ നടക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് എന്‍.ഡി.എ. ഘടകക്ഷികള്‍ തന്നെ യു.പി. സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. യോഗിയുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ ഒളിയമ്പുമായി യു.പിയിലെ ഘടകകക്ഷികളായ നിഷാദ് പാര്‍ട്ടിയും അപ്നാദളും രംഗത്തെത്തിയിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ പരാമര്‍ശവും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരിയുടെ രാജി സന്നദ്ധതയും ചര്‍ച്ചയാവുന്നതിനിടെയാണിത്.

Back to top button
error: