ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഉത്തര്‍പ്രദേശിലുണ്ടായ കനത്ത തിരിച്ചടിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് സംസ്ഥാന അധ്യക്ഷപദവി ഒഴിയാമെന്ന് ഭൂപേന്ദ്ര സിങ് ചൗധരി ദേശീയ നേതൃത്വത്തെ അറിയിച്ചു. തിരഞ്ഞെടുപ്പുതോല്‍വിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിമതനീക്കത്തിനും പിന്നാലെയുണ്ടായ രാജിസന്നദ്ധത സംസ്ഥാനത്തു പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി.
തിരഞ്ഞെടുപ്പുതോല്‍വിയുടെ ചുവടുപിടിച്ചാണ് ആദിത്യനാഥിനെതിരായ നീക്കം ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ശക്തമാക്കിയത്. തോല്‍വി പാര്‍ട്ടിയുടേതാണെന്നും അതിന്റെ ധാര്‍മിക ഉത്തരവാദിത്തം തനിക്കാണെന്നും പറഞ്ഞാണ് ഭൂപേന്ദ്ര സിങ് ചൗധരി രാജിസന്നദ്ധത അറിയിച്ചത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരെ അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. നഡ്ഡയെ കേശവ് പ്രസാദ് മൗര്യ സന്ദര്‍ശിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഇത്. യുപിയില്‍ നേതൃമാറ്റം ഉടനുണ്ടാകുമെന്ന അഭ്യൂഹം ഇതോടെ പരന്നു.
അടുത്ത മാസം തുടങ്ങുന്ന സംഘടനാ തിരഞ്ഞെടുപ്പു നടപടികള്‍ക്കൊപ്പം യുപിയിലെ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന ആലോചനയിലാണു കേന്ദ്ര നേതൃത്വമെന്നാണു സൂചന. ആദിത്യനാഥിന്റെ മുഖ്യമന്ത്രിസ്ഥാനത്തിനു തല്‍ക്കാലം ഇളക്കമുണ്ടായേക്കില്ല. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്നു ഭൂപേന്ദ്ര സിങ് ചൗധരിയെയും തല്‍ക്കാലം മാറ്റിയേക്കില്ല. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുതിയ അധ്യക്ഷന്‍ വന്നാല്‍ ചൗധരി മന്ത്രിസഭാംഗമാകും. ആദിത്യനാഥിനു സ്ഥിരം തലവേദനയുണ്ടാക്കുന്ന കേശവ് പ്രസാദ് മൗര്യയെ സംസ്ഥാന അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കാനിടയില്ല.