KeralaNEWS

‘നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നു, നടപടിയുണ്ടാകും’; പി.എസ്.സി. കോഴ ആരോപണത്തില്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്സി അംഗത്വത്തിന് കോഴ വാങ്ങിയതായി സിപിഎം നേതാവിനെതിരെ ഉയര്‍ന്ന ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മറുപടിനല്‍കി.

ചോദ്യത്തോര വേളയില്‍ എം.കെ. മുനീറിനുവേണ്ടി എന്‍.ഷംസുദ്ദീനാണ് വിഷയം ചൂണ്ടിക്കാട്ടിയത്. ‘പിഎസ്സി അംഗമാകുന്നതിന് ഭരണകക്ഷി നേതാവ് 60 ലക്ഷം രൂപ കോഴ ചോദിച്ചുവെന്നും 22 ലക്ഷം രൂപ നേതാവിന് കൈമാറിയെന്നും പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ അന്വേഷണം നടക്കുന്നുവെന്നുമാണ് പുറത്തുവരുന്ന വാര്‍ത്ത. ഇതിന് മുമ്പും പിഎസ്സി അംഗമാകുന്നതിന് പണം വാങ്ങുന്നതായുള്ള ആരോപണമുയര്‍ന്നിരുന്നു. കോഴിക്കോട്ടുനിന്ന് ഉയരുന്ന ഈ ആരോപണത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കുക’, ഷംസുദ്ദീന്‍ ചോദിച്ചു.

Signature-ad

ഭരണഘടന ചുമതലപ്പെടുത്തിയതിനനുസരിച്ച് ഫലപ്രദമായി മുന്നോട്ടുപോകുന്ന ഏജന്‍സിയാണ് കേരളത്തില്‍ പിഎസ്സിയെന്നും അതിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ഒട്ടേറെ ശ്രമങ്ങള്‍ നേരത്തേതന്നെ ഉണ്ടായിട്ടുണ്ടെന്നും നിര്‍ഭാഗ്യകരമാണതെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്സി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതോ നിയമിക്കുന്നതോ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുടെ ഭാഗമായിട്ടാണെന്ന് ആര്‍ക്കും പറയാനാകില്ല. ഒരുതരത്തിലുമുള്ള വഴിവിട്ട രീതികളും ഉണ്ടാകാറില്ല. തട്ടിപ്പുകള്‍ പലരീതിയില്‍ നടക്കുന്നുണ്ട്. തട്ടിപ്പ് നടക്കുമ്പോള്‍ സ്വാഭാവികമായി അതിനുള്ള നടപടികള്‍ ഉണ്ടാകും, മുഖ്യമന്ത്രി മറുപടി നല്‍കി.

 

Back to top button
error: