തീക്കോയി(പാലാ): അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന് നല്‍കിയ തീക്കോയി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ളാറ്റിനം ജൂബിലി നിറവില്‍. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ജൂലൈ 9-ന് ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് തീക്കോയി സെന്റ് മേരീസ് പാരീഷ്ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ സ്‌കൂളിന്റെ മെറിറ്റ് ദിനാഘോഷം സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ മാനേജര്‍ റവ.ഡോ.തോമസ് മേനാച്ചേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പാലാ രൂപതാ വികാരി ജനറാള്‍ മോണ്‍.ഡോ.ജോസഫ് മലേപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ് സ്‌കൂളിലെ പൂര്‍വ്വ അധ്യാപക, അനധ്യാപകരെ ആദരിക്കും. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ് പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ചെയ്യും. പഞ്ചായത്ത് മെമ്പര്‍ അമ്മിണി തോമസ്, ഫാ.ജോസഫ് താന്നിക്കാപ്പാറ, ടി.വി.ജോര്‍ജ് തുരുത്തിയില്‍, തങ്കച്ചന്‍ മാത്യു കാക്കാനിയില്‍, സി.റോസിറ്റ് എഫ്.സി.സി, ജോമോന്‍ ജോസഫ് പോര്‍ക്കാട്ടില്‍, സാജു മാത്യു, ആഗ്‌നസ് ജോര്‍ജ്, എന്നിവര്‍ പ്രസംഗിക്കും. സ്‌കൂള്‍ പ്രിന്‍സിപ്പാല്‍ സി.ജെസിന്‍ മരിയ എഫ്.സി.സി, സ്വാഗതവും ഹെഡ്മാസ്റ്റര്‍ ജോണിക്കുട്ടി അബ്രാഹം നന്ദിയും പറയും. കഴിഞ്ഞ 75 വര്‍ഷമായി ഒരു നാടിന് അറിവിന്റെ പൊന്‍വെളിച്ചം പകര്‍ന്ന് നല്‍കുന്ന സ്‌കൂളിന്റെ ജൂബിലിയോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിപുലമായ ആഘോഷപരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബര്‍ 14-ന് നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ വിദ്യാര്‍ഥികളും പൂര്‍വ്വവിദ്യാര്‍ഥികളും അണിനിരക്കുന്ന ഗാനമേള, സാംസ്‌കാരിക ഘോഷയാത്ര തുടങ്ങി വിവിധ പരിപാടികള്‍ ആഘോഷത്തിന് മാറ്റ് കൂട്ടും. വിദൂരദേശങ്ങളിലുള്ള അനേകം പൂര്‍വ്വവിദ്യാര്‍ഥികളും അന്നേദിവസം ആഘോഷങ്ങളില്‍ പങ്കെടുക്കും. ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫുട്ബോള്‍ മത്സരവും പ്രസംഗമത്സരവും സംഘടിപ്പിക്കും. സ്‌കൂളിന്റെ 75 വര്‍ഷത്തെ പ്രവര്‍ത്തനം ഒരു നാടിന്റെ വളര്‍ച്ചയുടെ ചരിത്രം കൂടിയാണ് അടയാളപ്പെടുത്തുന്നത്.
1926-ല്‍ തീക്കോയി സെന്റ് മേരീസ് ദേവാലയത്തോടനുബന്ധിച്ച് പുറക്കരിയച്ചന്റെ നേതൃത്വത്തില്‍ പ്രൈമറി സ്‌കൂള്‍ എന്ന നിലയില്‍ ആരംഭിച്ച സ്‌കൂളാണ് വര്‍ഷങ്ങള്‍ പിന്നിട്ട് ഇപ്പോള്‍ അറിവിന്റെ വടവൃക്ഷമായി പടര്‍ന്ന് പന്തലിച്ച് നാടിന് അഭിമാനമായി മാറിയത്. അടിസ്ഥാന വിദ്യാഭ്യാസത്തിന് പ്രാഥമിക സ്‌കൂള്‍ മാത്രം ഉണ്ടായിരുന്ന കാലയളവില്‍ ഉപരിപഠനത്തിന് ഒരു വിദ്യാലയം വേണമെന്ന നാടിന്റെ ഏറെ നാളായുള്ള സ്വപ്നം യാഥാര്‍ഥ്യമായത് 1949-ല്‍ ഫാ.മാത്യു മണ്ണൂരാംപറമ്പിലിന്റെയും ഫാ.ജോസഫ് തണ്ണിപ്പാറയുടെയും ശ്രമഫലമായി രണ്ട് ഡിവിഷനുകളോട് കൂടിയ ഒരു ഇംഗ്ലീഷ് മിഡില്‍ സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ്. പിന്നീട് 1952-ല്‍ ഫാ.സ്‌കറിയ ചെറുനിലത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടത്.
1998-ല്‍ ഫാ.സഖറിയാസ് മണ്ണൂരിന്റെ കാലയളവില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത് സ്‌കൂളിന്റെ വളര്‍ച്ചയില്‍ മറ്റൊരു നാഴികകല്ലായി. തീക്കോയിലും സമീപപ്രദേശങ്ങളിലുമുള്ള തലമുറകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന അക്ഷരതറവാട് 75-ന്റെ നിറവിലും ഒരു പ്രകാശഗോപുരമായി തല ഉയര്‍ത്തി നില്‍ക്കുകയാണ്. തീക്കോയി ഇടവകയിലെ പൂര്‍വ്വകാല വൈദികശ്രേഷ്ഠരുടെയും പൂര്‍വ്വികരുടെയും ദീര്‍ഘവീക്ഷണത്തിലും ത്യാഗോജ്ജ്വലമായ കഠിനാദ്ധ്വാനത്തിലും കെട്ടിപ്പൊക്കിയ സ്‌കൂള്‍ ഒരു നാടിന്റെ അഭിമാനസ്തംഭമായാണ് തലമുറകള്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കിയത്. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒരു പോലെ മികവ് പുലര്‍ത്തുന്ന ഈ വിദ്യാലയം ഒരു കാലത്ത് വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അറിവിന്റെ ആശ്രയമായിരുന്നു.
കലാ, കായിക രംഗങ്ങളിലടക്കം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഒട്ടേറെ പൂര്‍വ്വവിദ്യാര്‍ഥികള്‍ നൂറുമേനി മികവോടെ ഈ കലാലയമുത്തശിയുടെ അഭിമാനതാരങ്ങളായുണ്ട്. ഇവിടെ പഠിച്ചിറങ്ങി ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം സ്‌കൂളില്‍ അധ്യാപകരായും അനധ്യാപകരായും സേവനം അനുഷ്ഠിക്കുന്നവരും ഏറെപ്പേരുണ്ട്. സ്‌കൂളിന്റെ ആദ്യബാച്ചിലെ വിദ്യാര്‍ഥികളും 75-ാം ബാച്ചിലെ വിദ്യാര്‍ഥികളും ഉള്‍പ്പെടെ പങ്കെടുക്കുന്ന അപൂര്‍വ്വസംഗമത്തിനാണ് ജൂബിലി ആഘോഷം സാക്ഷ്യം വഹിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കും പൂര്‍വ്വവിദ്യാര്‍ഥികള്‍ക്കുമായി നടത്തിയ മത്സരത്തിലൂടെയാണ് ജൂബിലി ആഘോഷത്തിന്റെ ലോഗോ തെരഞ്ഞെടുത്തത്. ആഘോഷപരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ കമ്മറ്റികളും തെരഞ്ഞെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചു.