
മലപ്പുറം: വടിവാള്‍ വീശി ബസ്സിനു മുന്നില്‍ ഓട്ടോറിക്ഷയുടെ യാത്ര. ദേശീയപാതയില്‍ കൊട്ടപ്പുറം മുതല്‍ എയര്‍പോര്‍ട്ട് ജംക്ഷന്‍ വരെയാണ് ബസ്സിന്റെ വഴി തടസ്സപ്പെടുത്തിക്കൊണ്ട് ഓട്ടോ യാത്ര നടത്തിയത്. ബസ് ജീവനക്കാരുടെ പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മലപ്പുറം പുളിക്കല്‍ വലിയപറമ്പ് സ്വദേശി മലയില്‍ വീട്ടില്‍ ഷംസുദ്ദീന് എതിരെയാണ് കേസെടുത്തത്. ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും ദേശിയ പാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചതിനുമാണ് കേസ്. കോഴിക്കോട്ടുനിന്നു മഞ്ചേരിയിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസിനു മുന്‍പില്‍ ഇന്നലെ വൈകിട്ടോടെയാണ് സംഭവമുണ്ടായത്.
പുള്ളിക്കലില്‍ ആളെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോള്‍ ഓട്ടോ ബസ്സിനു പിന്നിലുണ്ടായിരുന്നു. പിന്നീട് മുന്നിലേക്ക് കയറിയ ഓട്ടോ ബസ്സിന്റെ വഴി തടസപ്പെടുത്തുകയായിരുന്നു. ബസ് ഡ്രൈവര്‍ ഹോണ്‍ അടിച്ചപ്പോള്‍ ഓട്ടോയില്‍ നിന്ന് വടിവാള്‍ പുറത്തേക്കിട്ട് വിരട്ടാനും നോക്കി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. തലേക്കര മുതല്‍ കൊളത്തൂര്‍ എയര്‍പോര്‍ട്ട് റോഡ് ജംക്ഷന്‍ വരെ ഇതു തുടര്‍ന്നു. പിന്നീട് ഓട്ടോറിക്ഷ എയര്‍പോര്‍ട്ട് റോഡിലേക്കു പോയി. കൊണ്ടോട്ടിയില്‍ എയ്ഡ് പോസ്റ്റിലെത്തി പൊലീസില്‍ പരാതിപ്പെട്ടാണ് യാത്ര തുടര്‍ന്നത്. ഇന്നു പൊലീസില്‍ വിശദമായ മൊഴി നല്‍കി.






