
എറണാകുളം: സ്വകാര്യ ബസ് യാത്രയ്ക്കിടെ കണ്ടക്ടറെ കുപ്പികൊണ്ട് കുത്തി പരിക്കേല്‍പിച്ച കേസില്‍ യാത്രക്കാരനെ പോലീസ് അറസ്റ്റുചെയ്തു.
പൂത്തോട്ട റൂട്ടിലെ ‘വേളാങ്കണ്ണി മാതാ’ ബസിലെ കണ്ടക്ടര്‍ ഇലഞ്ഞി പാറേക്കണ്ടത്തില്‍ ജെയിനി (23) നാണ് കുത്തേറ്റത്. കേസില്‍ യാത്രക്കാരന്‍ ഉദയംപേരൂര്‍ പി.കെ.എം.സി. കണ്ണേമ്പിള്ളില്‍ വിനൂബി (34) നെ ഉദയംപേരൂര്‍ പോലീസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് 3.10-ന് ഉദയംപേരൂര്‍ നടക്കാവിലായിരുന്നു സംഭവം. തിരക്കിനിടെ മുന്നിലേക്ക് കയറി നില്‍ക്കാന്‍ കണ്ടക്ടര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കുത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
ജെയിനിന്റെ ഇടതു കൈയില്‍ കടിച്ച ശേഷം ബസില്‍ നിന്നിറങ്ങി പുറത്ത് കിടന്നിരുന്ന പൊട്ടിയ കുപ്പികൊണ്ട് വിനൂബ് വീശിയപ്പോള്‍ ജെയിനിന്റെ വയറിന് മുറിവേറ്റു. പരിക്കേറ്റ കണ്ടക്ടറെ ഉടന്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചു. പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി.