സല്‍മാനെ ഞാന്‍ കെട്ടിപ്പിടിച്ചത് രജനികാന്തിന് ഇഷ്ടപ്പെട്ടില്ല; അന്ന് കരയേണ്ടിവന്നുവെന്ന് നടി രംഭ
തെന്നിന്ത്യന്‍ സിനിമകളില്‍ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് രംഭ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം പ്രധാന നടിയായും സഹനടിയായും താരം അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ ഉയരങ്ങള്‍ കയ്യടക്കിയ ശേഷം രംഭ അഭിനയജീവിതം ഉപേക്ഷിച്ചിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം കുടുംബജീവിതം നയിക്കുകയാണ് താരം.
എന്നാല്‍ ഇന്നും സിനിമ പ്രേമികള്‍ക്ക് രംഭയെ മറക്കാന്‍ കഴിഞ്ഞിട്ടില്ല. അടുത്തിടെ താരത്തിന്റെ ഒരു അഭിമുഖം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സൂപ്പര്‍ താരം രജനികാന്തും രംഭയും പ്രധാന കഥാപാത്രങ്ങളിലെത്തിയ ‘അരുണാചലം’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നടന്ന ചില കാര്യങ്ങളാണ് അഭിമുഖത്തില്‍ രംഭ പറഞ്ഞത്. ഷൂട്ടിംഗിനിടെ രജനികാന്ത് തന്നെ കളിയാക്കിയെന്നും അന്ന് കരയേണ്ടിവന്നുവെന്നും രംഭ പറഞ്ഞു.
”അരുണാചലത്തിന്റെ ഷൂട്ടിംഗ് സമയത്ത് ഞാന്‍ നടന്‍ സല്‍മാന്‍ ഖാനൊപ്പം ‘ബന്ധന്‍’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. രാവിലെ രജനിസാറിന്റെ സിനിമയിലും ഉച്ച മുതല്‍ സല്‍മാന്‍ ഖാന്റെ സിനിമയിലുമാണ് അഭിനയിക്കുന്നത്. ഒരു ദിവസം അരുണാചലത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ സല്‍മാന്‍ ഖാനും ജാക്കി ഷ്റോഫും എത്തി.
അവരെ കണ്ടപ്പോള്‍ ഞാന്‍ കെട്ടിപ്പിടിച്ചു. അത് അവിടുത്തെ ഒരു സംസ്‌കാരത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍, രജനി സാര്‍ അത് ശ്രദ്ധിച്ചു. അവര്‍ പോയതിന് ശേഷം സെറ്റില്‍ എല്ലാവരും ദേഷ്യത്തോടെയാണ് എന്നെ നോക്കിയത്. ആദ്യം എനിക്ക് കാര്യം മനസിലായില്ല. ക്യാമറമാന്‍ യു കെ സെന്തില്‍ കുമാറാണ് എന്നോട് കാര്യം പറഞ്ഞത്. നീ എന്താണ് ചെയ്തുവച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം ആദ്യം എനിക്ക് ഒന്നും മനസിലായില്ല. രജനി സാറിന് ദേഷ്യം വന്നെന്നും പറഞ്ഞു. എന്റെ കൂടെ രജനി സാര്‍ അഭിനയിക്കില്ലെന്ന് പറഞ്ഞതായും സെറ്റിലുള്ളവര്‍ പറഞ്ഞു. ഞാന്‍ ആകെ ആശയക്കുഴപ്പത്തിലായി കരയാന്‍ തുടങ്ങി.
അപ്പോള്‍ രജനികാന്ത് ഓടിവന്നു. ആശ്വസിപ്പിച്ചു. പിന്നെ എന്നോട് ചില കാര്യങ്ങള്‍ പറഞ്ഞു. എങ്ങനെയാണ് സല്‍മാന്‍ ഖാനെ നിങ്ങള്‍ സ്വാഗതം ചെയ്തത്? പക്ഷേ സാധാരണ ഞങ്ങളുടെ സെറ്റില്‍ വരുമ്പോള്‍ ഗുഡ് മോര്‍ണിംഗ് പറഞ്ഞു പോകാറാണ് പതിവ്. വടക്കേ ഇന്ത്യയില്‍ നിന്ന് വന്നവര്‍ ആയതുകൊണ്ടാണോ അവരോട് അങ്ങനെ ചെയ്യുന്നത്. ഇവിടെ വരുമ്പോള്‍ ഹായ് സാര്‍ എന്ന് പറഞ്ഞ ശേഷം അവിടെ എവിടേലും പോയി ഇരുന്നു ഒരു പുസ്തകം വായിക്കും അത്രയല്ലേ ചെയ്യാറുള്ളു. അതിനര്‍ഥം വടക്കന്‍ ജനതയെ ബഹുമാനിക്കുകയും തെക്കന്‍ ജനത നിങ്ങള്‍ക്ക് വളരെ ചെറുതുമാണെന്നല്ലേ. എന്നൊക്കെ രജനി സാര്‍ ചോദിച്ചു. അപ്പോഴാണ് എനിക്ക് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത് അത് മറക്കാനാവാത്ത അനുഭവമായിരുന്നു”വെന്നും രംഭ പറഞ്ഞു.