IndiaNEWS

ടി.ഡി.പി സ്പീക്കര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ‘ഇന്‍ഡ്യ’ മുന്നണി പിന്തുണയ്ക്കും: സഞ്ജയ് റാവത്ത്

മുംബൈ: ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ടി.ഡി.പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ ഇന്‍ഡ്യ മുന്നണി പിന്തുണയ്ക്കുമെന്ന് ഉദ്ദവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സ്പീക്കര്‍ സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചാല്‍ അവര്‍ ഭരണകക്ഷികളായ ടി.ഡി.പിയെയും ജെ.ഡി.യുവിനെയും ഉള്‍പ്പെടെ പിളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ടി.ഡി.പി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നുണ്ടെന്നം റാവത്ത് ചൂണ്ടിക്കാട്ടി. അങ്ങനെയുണ്ടായാല്‍ വിഷയം ഇന്‍ഡ്യ സഖ്യകക്ഷികള്‍ ചര്‍ച്ച ചെയ്ത് അവര്‍ക്ക് പിന്തുണ ഉറപ്പാക്കും. തങ്ങളെ പിന്തുണയ്ക്കുന്നവരെ ബി.ജെ.പി ചതിക്കുന്ന അനുഭവങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ബി.ജെ.പിക്ക് സ്പീക്കര്‍ പദവി ലഭിച്ചാല്‍ ടി.ഡി.പിയെയും ജെ.ഡി.യുവിനെയും ചിരാഗ് പാസ്വാന്റെയും ജയന്ത് ചൗധരിയുടെയും പാര്‍ട്ടികളെയും അവര്‍ പിളര്‍ത്തുമെന്നും അദ്ദേഹം ആരോപിച്ചു. ഡെപ്യൂട്ടി സ്പീക്കറുടെ പദവി പ്രതിപക്ഷത്തിനു ലഭിക്കണമെന്നും റാവത്ത് പറഞ്ഞു.

Signature-ad

ഭൂതകാലത്തെ തെറ്റുകള്‍ തിരുത്താന്‍ ആര്‍.എസ്.എസ് ആഗ്രഹിക്കുന്നുവെങ്കില്‍ നല്ലതാണെന്നും സംഘ്പരിവാര്‍ നേതാക്കളുടെ ബി.ജെ.പി വിമര്‍ശനത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് റാവത്ത് പറഞ്ഞു. എന്‍.ഡി.എ സര്‍ക്കാരിന്റെ നില ഭദ്രമല്ല. പുതിയ സംഭവവികാസങ്ങളെല്ലാം ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. ബി.ജെ.പിയുടെ പാര്‍ലമെന്ററി യോഗം ചേര്‍ന്നിട്ടില്ല. യോഗത്തില്‍ ആരാകും നേതാവ് എന്ന വിഷയം ചര്‍ച്ചയ്ക്കു വന്നിരുന്നെങ്കില്‍ മറ്റൊന്നായിരിക്കും ഫലം. അതുകൊണ്ടാണ് മോദിയെ എന്‍.ഡി.എ പാര്‍ലമെന്ററി യോഗത്തില്‍ തെരഞ്ഞെടുത്തത്. ഇത് ഗുരുതരമായ കാര്യമാണെന്നും സഞ്ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു.

 

 

Back to top button
error: