IndiaNEWS

തിരഞ്ഞെടുപ്പ് തിരിച്ചടി: സംഘടനാ നേതൃത്വം ഉടച്ചുവാര്‍ക്കാനൊരുങ്ങി ബി.ജെ.പി.

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ രൂപവത്കരണത്തെത്തുടര്‍ന്ന് ബി.ജെ.പി. സംഘടനാതലത്തിലെ അഴിച്ചുപണിക്കൊരുങ്ങുന്നു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിലും ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ സ്ഥാനമൊഴിയുന്ന സാഹചര്യത്തിലുമാണ് പാര്‍ട്ടി വിപുലമായ മാറ്റങ്ങള്‍ക്കൊരുങ്ങുന്നത്.

പുതിയ ദേശീയാധ്യക്ഷന്റെ തിരഞ്ഞെടുപ്പ്, ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്തല്‍ എന്നിവയാണ് ദേശീയ-സംസ്ഥാന തലങ്ങളില്‍ പാര്‍ട്ടി അടിയന്തരമായി സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍. നിലവില്‍ വിനോദ് താവ്ഡെ, കെ. ലക്ഷ്മണ്‍, സുനില്‍ ബന്‍സാല്‍, ഓം മാത്തൂര്‍ എന്നിവരുടെ പേരാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അധ്യക്ഷസ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതില്‍ ആര്‍.എസ്.എസിന്റെ നിലപാടും നിര്‍ണായകമാണ്.

Signature-ad

മന്ത്രിസഭയില്‍ നിന്നൊഴിവാക്കിയതോ തിരഞ്ഞെടുപ്പില്‍ പരാജയപ്പട്ടതോ ആയ നേതാക്കളെ പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാനും തീരുമാനമുണ്ട്. മുന്‍കേന്ദ്രമന്ത്രിമാരായ അനുരാഗ് ഠാക്കൂര്‍, സ്മൃതി ഇറാനി തുടങ്ങിയവരെ ഇതിനായി ചുമതലപ്പെടുത്താനാണ് ആലോചന.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയേറ്റ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി സംസ്ഥാന ഘടകത്തെ ഉടച്ചുവാര്‍ക്കാനാണ് ദേശീയനേതൃത്വം ആലോചിക്കുന്നത്. കഴിഞ്ഞദിവസം ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ ഭൂപേന്ദ്ര ചൗധരി രാജിസന്നദ്ധത അറിയിച്ചിരുന്നു. 2017-ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ ബി.ജെ.പി.ക്ക് വന്‍ വിജയം നേടാന്‍ നേതൃത്വം നല്‍കിയ ദേശീയ സംഘടനാ സെക്രട്ടറി സുനില്‍ ബന്‍സാലിനെ ഇതിനായി തിരികെ കൊണ്ടുവന്നേക്കും. 2022 മുതല്‍ ഒഡിഷയുടെ ചുമതല വഹിക്കുകയാണ് ഇദ്ദേഹം.

മഹാരാഷ്ട്രയിലും ഹരിയാണയിലും ഈവര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കും പാര്‍ട്ടിയെ സജ്ജമാക്കേണ്ടതുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് സംസ്ഥാനങ്ങളിലും പാര്‍ട്ടിയുടെ പ്രകടനം മോശമായിരുന്നു. അതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലെയും സംഘടനാ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ മേല്‍നോട്ടത്തില്‍ വിലയിരുത്തി നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടികേന്ദ്രങ്ങള്‍ പറഞ്ഞു.

 

Back to top button
error: