KeralaNEWS

പാളയം CSI പള്ളിയില്‍ സംഘര്‍ഷം; മഹായിടവക ഓഫീസില്‍ മുന്‍സെക്രട്ടറിയുടെ നേതൃത്വത്തില്‍ അതിക്രമം

തിരുവനന്തപുരം: പാളയം എല്‍.എം.എസിലെ സി.എസ്.ഐ. ദക്ഷിണകേരള മഹായിടവക ഓഫീസില്‍ മുന്‍ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ടി.ടി.പ്രവീണും ഒരുസംഘവും അതിക്രമിച്ചുകയറി. മറുവിഭാഗം വിശ്വാസികളുടെ ആവശ്യപ്രകാരം ഇടപെടലിനു ശ്രമിച്ച ബിഷപ്പ് ഇന്‍ ചാര്‍ജ് ഡോ. റോയ്സ് മനോജ് വിക്ടറിനുനേരേ പ്രവീണും സംഘവും അധിക്ഷേപത്തിനു മുതിര്‍ന്നു.

ഓഫീസ് വളപ്പില്‍ വ്യാഴാഴ്ച സന്ധ്യക്ക് ആരംഭിച്ച സംഘര്‍ഷാവസ്ഥ രാത്രി വൈകിയും നീണ്ടു. അതിക്രമിച്ചുകയറിയവരെ ജില്ലാ കളക്ടറും ഉയര്‍ന്ന പോലീസുദ്യോഗസ്ഥരും ഇടപെട്ട് പുറത്താക്കണമെന്ന് ഒരുവിഭാഗം വിശ്വാസികള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാത്രി പതിനൊന്നുമണിയോടെ സബ് കളക്ടര്‍ അശ്വതി ശ്രീനിവാസന്റെ നേതൃത്വത്തില്‍ ഇരു വിഭാഗവുമായി ചര്‍ച്ച നടന്നു. ഒത്തുതീര്‍പ്പാകാത്തതിനെ തുടര്‍ന്ന് വീണ്ടും ചര്‍ച്ചയ്ക്കു തീരുമാനിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് പിരിഞ്ഞുപോകാന്‍ കൂട്ടാകാതിരുന്ന ടി.ടി.പ്രവീണിനും സംഘത്തിനും നേരേ പോലീസ് ലാത്തിവീശി.

Signature-ad

സി.എസ്.ഐ. ദക്ഷിണകേരള മഹായിടവകയില്‍ രണ്ടു വര്‍ഷമായി തുടരുന്ന തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് വ്യാഴാഴ്ചയുണ്ടായ സംഭവം. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് രണ്ട് റിട്ട. ജഡ്ജിമാരെ ഇടവകയുടെ അഡ്മിനിസ്ട്രേറ്റര്‍മാരായി നിയമിച്ചിരുന്നു. മുന്‍ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിക്കു പകരം മുന്‍ പോലീസ് സൂപ്രണ്ട് കെ.ജി.സൈമണെ സെക്രട്ടറിയായി നിയമിച്ചിരുന്നു. അദ്ദേഹം വ്യാഴാഴ്ച വൈകിട്ട് ഓഫീസില്‍നിന്നു മടങ്ങിയ ശേഷമാണ് ടി.ടി.പ്രവീണ്‍ ഒരുസംഘം അനുയായികളുമായെത്തി കസേര കൈയേറിയത്. ഇതു തടയാനെത്തിയ ബിഷപ്പ് ഇന്‍ ചാര്‍ജ് ഡോ. റോയ്സ് മനോജ് വിക്ടറിനുനേരേയാണ് എതിര്‍വിഭാഗം അതിക്രമത്തിനു മുതിര്‍ന്നത്. വന്‍സംഘം പോലീസ് സ്ഥലത്തുണ്ടായിരുന്നു. തര്‍ക്കം മൂത്തതോടെ നിലവിലെ ഭരണസമിതിയെ അനുകൂലിക്കുന്ന വിശ്വാസികള്‍ ഇടവക ആസ്ഥാനത്തു തടിച്ചുകൂടി.

മുന്‍ ബിഷപ്പ് ധര്‍മരാജ് റസാലം, അഡ്മിനിസ്ട്രീറ്റീവ് സെക്രട്ടറി ടി.ടി.പ്രവീണ്‍ എന്നിവരെ തല്‍സ്ഥാനത്തുനിന്നു മാറ്റുന്നതായ മദ്രാസ് ഹൈക്കോടതി വിധിക്കെതിരേ ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഈ കേസില്‍ സുപ്രീംകോടതി ഒരു പരാമര്‍ശവും നടത്തിയിരുന്നു. തല്‍സ്ഥിതി തുടരണമെന്നും നിലവിലെ അഡ്മിനിസ്ട്രേറ്റര്‍മാര്‍ തിരഞ്ഞെടുപ്പു സംബന്ധിച്ച തീരുമാനങ്ങളെടുക്കരുതെന്നുമായിരുന്നു കോടതി നിര്‍ദേശിച്ചത്.

കേസ് അടുത്ത മാസത്തേക്കു മാറ്റിയിട്ടുണ്ട്. എന്നാല്‍, തങ്ങള്‍ക്കനുകൂലമായ ഉത്തരവാണ് സുപ്രീംകോടതിയിലുണ്ടായതെന്ന വാദവുമായാണ് മുന്‍ സെക്രട്ടറിയും സംഘവും ഓഫീസില്‍ അതിക്രമിച്ചുകയറിയത്. മദ്രാസ് ഹൈക്കോടതിയുടെ വിധിയുടെ സാധുതയാണ് മഹായിടവകയുടെ നിലവിലെ ഭരണസമിതിക്കുള്ളതെന്ന് അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി കെ.ജി.സൈമണ്‍ അറിയിച്ചു. എതിര്‍ഭാഗത്തിന്റെ മറിച്ചുള്ള വാദം നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Back to top button
error: