കൊല്ലം: തന്നെ ‘തിരിച്ചറിഞ്ഞില്ല’ എന്ന കാരണം പറഞ്ഞു വിദ്യാര്‍ഥിയെ മര്‍ദിച്ച ഗുണ്ടയെ ചിതറ പൊലീസ് പിടികൂടി. ചിതറ ബൗണ്ടര്‍മുക്കില്‍ താമസിക്കുന്ന കൊട്ടിയം ഷിജുവിനെയാണ് (48) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നുമുക്ക് സജീര്‍ മന്‍സില്‍ മുസമ്മലിന് (18) ആണ് മര്‍ദനമേറ്റത്. കൊല്ലത്ത് കോച്ചിങ് ക്ലാസിന് പോയ മുസമ്മില്‍ സ്വകാര്യ ബസില്‍ വീട്ടിലേക്ക് വന്നതാണ്. ബൗണ്ടര്‍മുക്കില്‍ ബസ് ബ്രേക്ക് ഡൗണായി.
വിദ്യാര്‍ഥികളും യാത്രക്കാരും ബസില്‍ നിന്ന് ഇറങ്ങി റോഡില്‍ നിന്നു. അതുവഴി സ്‌കൂട്ടറില്‍ എത്തിയ ഷിജു എല്ലാവരോടും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ‘നിനക്ക് മാറാന്‍ ബുദ്ധിമുട്ട് ഉണ്ടോടാ’ എന്നും ‘ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേ’ എന്നും ചോദിച്ചു മുസമ്മലിനെ ക്രൂരമായി മര്‍ദിക്കുകയും രണ്ടു കൈ കൊണ്ടും കഴുത്തില്‍ കുത്തിപ്പിടിച്ചു ബസിനോട് ചേര്‍ത്ത് വച്ച് പൊക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണ് കേസ്. ഷിജുവിന്റെ സുഹൃത്തായ ഷിബുവും മുസമ്മലിനെ മര്‍ദിച്ചു.
മര്‍ദനത്തില്‍ അവശനായ മുസമ്മല്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു. മുസമ്മലിന്റെ കര്‍ണപടം തകരുകയും ആന്തരിക രക്തസ്രാവം ഉണ്ടായി തലച്ചോറിനു മാരകമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോള്‍ പ്രതികള്‍ ഒളിവില്‍ പോയി. രണ്ടാം പ്രതി ഷിബുവിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഒരു മാസമായി ഒളിവില്‍ കഴിഞ്ഞ ഷിജുവിനെ ഇന്നലെ കൊട്ടിയത്തു നിന്ന് അറസ്റ്റ് ചെയ്തു. ഇയാള്‍ നിരവധി അടിപിടിക്കേസുകളില്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. കടയ്ക്കല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.