തിരുവനന്തപുരം: തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ എന്‍.സി.പി.യില്‍ ഒരു വിഭാഗത്തിന്റെ നീക്കം. സംസ്ഥാന-ജില്ലാ തലത്തിലുള്ള നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. മന്ത്രി എ.കെ. ശശീന്ദ്രന്‍ രാജിവെക്കണമെന്ന ആവശ്യമാണ് ഈ നേതാക്കള്‍ ഉന്നയിക്കുന്നത്.
സംസ്ഥാനപ്രസിഡന്റ് പി.സി. ചാക്കോ ഏകപക്ഷീയമായാണ് ശശീന്ദ്രനെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന് ഇവര്‍ ആരോപിച്ചു. മന്ത്രിസ്ഥാനം പങ്കിടുന്നതുസംബന്ധിച്ച് നേരത്തേ ദേശീയ നേതൃത്വം ധാരണയുണ്ടാക്കിയിട്ടുണ്ടെന്നാണ് തോമസ് കെ. തോമസിനെ പിന്തുണയ്ക്കുന്നവരുടെ വാദം. എന്നാല്‍, ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്നാണ് ചാക്കോയും ശശീന്ദ്രനും വ്യക്തമാക്കിയിട്ടുള്ളത്.
സംസ്ഥാനകമ്മിറ്റിയില്‍ കടുത്ത ഭിന്നതകളും ചേരിതിരിവുമാണ് നിലനില്‍ക്കുന്നതെന്നും വിമതവിഭാഗം പറയുന്നു. സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പുലിയൂര്‍ ജി. പ്രകാശ്, ഡോ. സുനില്‍ ബാബു, ആറ്റിങ്ങല്‍ സുരേഷ്, തിരുവനന്തപുരം ജില്ലാസെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായ രാധിക, വാമനപുരം ബ്ലോക്ക് പ്രസിഡന്റ് ഇളവട്ടം ശ്രീധരന്‍, ഷാജി കടമ്പറ, ക്യാപ്റ്റന്‍ രത്‌നലാല്‍, അഡ്വ. സുരേഷ്, ബൈജു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.
ദേശീയതലത്തില്‍ എന്‍.സി.പി. രണ്ടായതോടെ, എന്‍.സി.പി.(എസ്.) എന്ന പേരിലാണ് ശരദ് പവാര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഈ വിഭാഗത്തിനൊപ്പമാണ് കേരളഘടകം.
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയും കേരളത്തില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നുണ്ട്. രണ്ട് എം.എല്‍.എമാരുള്ള പാര്‍ട്ടിക്കാണ് ഇടതുമുന്നണി സര്‍ക്കാരില്‍ അഞ്ചുവര്‍ഷത്തേക്ക് മന്ത്രിസ്ഥാനം നല്‍കിയത്. ഒരു എം.എല്‍.എയുള്ള കക്ഷികള്‍ രണ്ടരവര്‍ഷം എന്ന രീതിയില്‍ മന്ത്രിസ്ഥാനം പങ്കുവെക്കുകയാണ് ചെയ്തിട്ടുള്ളത്.
ശശീന്ദ്രന്‍ ഇപ്പോള്‍ മന്ത്രിയായി തുടരുന്നത് തന്റെകൂടി എം.എല്‍.എ.സ്ഥാനത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് തോമസ് കെ. തോമസിന്റെ വാദം. മന്ത്രിസ്ഥാനം പങ്കുവെക്കണമെന്ന ധാരണ പാലിക്കണമെന്ന ആവശ്യം അദ്ദേഹവും ഉന്നയിക്കുന്നുണ്ട്.