KeralaNEWS

പത്മജയെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കും? തീരുമാനം തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം

തൃശൂര്‍: തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപി പ്രവേശനം നടത്തിയ പത്മജ വേണുഗോപാലിനെ ഛത്തീസ്ഗഢ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ തീരുമാനമുണ്ടാകുമെന്നാണ് ബിജെപി നേതൃത്വം അനൗദ്യോഗികമായി പറയുന്നത്. ഇക്കാര്യം പലതലങ്ങളില്‍ നിന്ന് കേട്ടെന്നും എന്നാല്‍ തനിക്ക് ഉറപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പത്മജ പറഞ്ഞു. നല്ല കാര്യങ്ങള്‍ ബിജെപി എനിക്ക് വേണ്ടി ചെയ്യുമെന്ന് ഉറപ്പുണ്ട്. പഴയ പാര്‍ട്ടിയില്‍ നിന്നുണ്ടായ ചവിട്ടും കുത്തുമൊന്നും ഉണ്ടാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ ബിശ്വഭൂഷണ ഹരിചന്ദനാണ് ഛത്തീസ്ഗഢ് ഗവര്‍ണര്‍. ആരോഗ്യപരമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് അദ്ദേഹം പദവി ഒഴിയാനിരിക്കുകയാണ്. ബിജെപി പ്രവേശനത്തിന് നേതൃത്വം പത്മജയ്ക്ക് വാഗ്ദാനങ്ങള്‍ നല്‍കിയെന്ന് സൂചനയുണ്ടായിരുന്നു. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പത്മജ എത്തിയത് പാര്‍ട്ടിക്ക് ഗുണം ചെയ്തെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. തൃശൂരില്‍ സുരേഷ് ഗോപിയുടെ പ്രചാരണത്തില്‍ അടക്കം പത്മജ സജീവമായിരുന്നു.

Signature-ad

കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചവിട്ടും കുത്തും സഹിക്കവയ്യാതെയാണ് പാര്‍ട്ടി വിട്ടതെന്നാണ് പത്മജ പറഞ്ഞത്. എന്തുകൊണ്ട് ബി.ജെ.പി എന്ന് ചോദിക്കുന്നവരോട് ഒറ്റയുത്തരം മാത്രമാണ് പറയാനുള്ളത് അത് മോദിജി എന്നാണ്. മോദിജിക്ക് കുടുംബം ഭാരതമാണ്. ഇവിടത്തെ കുട്ടികള്‍ അദ്ദേഹത്തിന്റെ മക്കളാണെന്നും പത്മജ പറഞ്ഞിരുന്നു. അച്ഛന്‍കുട്ടിയായി കരുണാകരന്റെ വാത്സല്യം കേട്ടുവളര്‍ന്ന എനിക്ക് ഒരു അച്ഛന്റെ തണലും സംരക്ഷണവും കിട്ടിയത് പോലെയാണ് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ തോന്നുന്നതെന്നും പത്മജ പറഞ്ഞിരുന്നു.

 

Back to top button
error: