ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 300ലധികം സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍. സീറ്റുമായി ബന്ധപ്പെട്ട ബിജെപിയുടെ കണക്കുകൂട്ടലില്‍ കാര്യമായ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
”വടക്ക്-പടിഞ്ഞാറ് ഭാഗത്ത് ബിജെപിയ്ക്ക് ലഭിച്ചേക്കാവുന്ന സീറ്റുകളില്‍ കാര്യമായ കുറവൊന്നുമുണ്ടാകില്ല. ദക്ഷിണേന്ത്യ-കിഴക്ക് പ്രദേശം എന്നിവിടങ്ങളില്‍ ബിജെപിയുടെ വോട്ടുശതമാനവും സീറ്റും കൂടും. ഇതെല്ലാം കൂടി ചേര്‍ക്കുമ്പോള്‍ ബിജെപിയ്ക്ക് നിലവില്‍ 300ലധികം സീറ്റുകളാണുള്ളത്. ഇത്തവണ അതില്‍ കാര്യമായ കുറവുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്,” പ്രശാന്ത് കിഷോര്‍ പറഞ്ഞു.
ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും ചില ചെറിയ തിരിച്ചടികള്‍ ഉണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒഡിഷ, പശ്ചിമ ബംഗാള്‍, തെലങ്കാന, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ ബിജെപിയ്ക്ക് കാര്യമായ നേട്ടം കൊയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ഡിഎയ്ക്ക് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരു പാര്‍ട്ടിയ്ക്കും 400 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ പ്രതിപക്ഷം ദുര്‍ബലമല്ല. എന്നാല്‍ ബിജെപിയ്ക്കെതിരെ മത്സരിക്കുന്ന പാര്‍ട്ടികള്‍ ദുര്‍ബലമാണ് എന്നും അദ്ദേഹം പറഞ്ഞു. ബിജെപി 400 സീറ്റുകള്‍ നേടുമെന്നത് ഒരിക്കലും നടക്കില്ലെന്നും അതൊരു പാര്‍ട്ടി മുദ്രാവാക്യം മാത്രമാണെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. ”മോദിയേ നോക്കൂ, ബിജെപി 370 സീറ്റ് നേടുമെന്നും എന്‍ഡിഎ 400 സീറ്റ് കടക്കുമെന്നുമാണ് അദ്ദേഹം ആദ്യമായി പാര്‍ലമെന്റില്‍ പറഞ്ഞത്. അതിന് ശേഷം ബിജെപിയ്ക്ക് 400 സീറ്റ് കിട്ടുമെന്നും ഇല്ലെന്നും പറയുന്ന തിരക്കിലായിരുന്നു മറ്റുള്ളവര്‍,” പ്രശാന്ത് കിഷോര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. നിരവധി എന്‍ഡിഎ നേതാക്കള്‍, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവര്‍ മോദിയുടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാന്‍ വാരണാസിയിലെത്തിയിരുന്നു. മൂന്നാം തവണയാണ് മോദി വാരണാസിയില്‍ മത്സരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, ഹര്‍ദീപ് സിംഗ് പുരി, അനുപ്രിയ പട്ടേല്‍, രാംദാസ് അത്താവലെ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ പറഞ്ഞ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍, ടിഡിപി തലവന്‍ ചന്ദ്രബാബു നായിഡു, ജനസേന പാര്‍ട്ടി പ്രസിഡന്റ് പവന് കല്യാണ്‍, ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച സെക്യുലര്‍ സ്ഥാപകന്‍ ജിതന്‍ റാം മാഞ്ചി, രാഷ്ട്രീയ ലോക് മോര്‍ച്ച നേതാവ് ഉപേന്ദ്ര കുശ്വാല, യുപി മന്ത്രി സഞ്ജയ് നിഷാദ്, എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മൂന്നാം വട്ടവും വാരണാസിയില്‍ വിജയം ആവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മോദി. 2014ലാണ് അദ്ദേഹം ആദ്യം ഇവിടെ വിജയിച്ചത്. വാരണാസി കളക്ട്രേറ്റിലെത്തിയാണ് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. ജൂണ്‍ 1ന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലാണ് വാരണാസിയിലെ വോട്ടെടുപ്പ്.