രാജ്യതലസ്ഥാനത്തെ ലക്ഷ്യമിട്ട് ലഷ്കറെ തൊയ്ബ!! ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താൻ നീക്കം, രാജ്യത്തെ പല ആരാധനാലയങ്ങളും ഭീകരരുടെ ലിസ്റ്റിൽ- രഹസ്യാന്വേഷണ ഏജൻസി

ന്യൂഡൽഹി: രാജ്യതല സ്ഥാനത്ത് വീണ്ടും ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ലഷ്കറെ തൊയ്ബ ചെങ്കോട്ടയ്ക്കും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്.
ചാന്ദ്‌നി ചൗക്കിലെ ഒരു പ്രധാന ക്ഷേത്രത്തെ ലക്ഷ്യം വെച്ച് ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്താനാണ് ഭീകരർ നീക്കം നടത്തുന്നതെന്ന് രഹസ്യാന്വേഷണ ഉറവിടങ്ങൾ വ്യക്തമാക്കുന്നു. ഫെബ്രുവരി ആറിന് ഇസ്ലാമാബാദിലെ മസ്ജിദിലുണ്ടായ സ്ഫോടനത്തിന് പ്രതികാരം തീർക്കാനാണ് ലഷ്കറെ തൊയ്ബ ഇത്തരത്തിൽ ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലുടനീളം വലിയ തോതിലുള്ള ഭീകരാക്രമണങ്ങൾ നടത്താൻ ഇവർ ലക്ഷ്യമിടുന്നു.
ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് പുറമെ രാജ്യത്തെ മറ്റ് പ്രമുഖ ആരാധനാലയങ്ങളും ലഷ്കറെ തൊയ്ബയുടെ നിരീക്ഷണത്തിലാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 2025 നവംബർ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ മുന്നറിയിപ്പ്. ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1-ന് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു.






