ബിരിയാണി ബില്ലുകളില്‍നിന്ന് തുടങ്ങിയ അന്വേഷണം; ഇന്ത്യയിലെ റെസ്റ്റോറന്റ് ശൃംഖലകളില്‍ കണ്ടെത്തിയത് 70,000 കോടിയുടെ നികുതി വെട്ടിപ്പ്; ബില്ലടിക്കും പക്ഷേ, സോഫ്റ്റ്വേറില് സര്‍വം മായ! എഐ ഉപയോഗിച്ച് പരിശോധിച്ചത് 1.77 ലക്ഷം ഹോട്ടലുകളുടെ വിവരങ്ങള്‍

ബംഗളുരു: ഹൈദരാബാദിലെ പ്രശസ്തമായ ബിരിയാണിക്കടകളില്‍ പരിശോധനയ്ക്ക് എത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച സാധാരണ ബില്ലില്‍നിന്ന് പുറത്തുവന്നത് ആയിരക്കണക്കിനു കോടികളുടെ നികുതിവെട്ടിപ്പ്!. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ സാധാരണ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് വന്‍ വെട്ടിപ്പിന്റെ ‘തുമ്പ്’ ലഭിച്ചത്.
സാധാരണ ഉണ്ടാകുന്നതുപോലെയുള്ള അതിനാടകീയ റെയ്ഡൊന്നുമായിരുന്നില്ല അത്. അടുക്കളകള്‍ തിരക്കിലായിരുന്നു. ആളുകള്‍ ഭക്ഷണം കഴിക്കുന്നു. ബില്ലിംഗ് കൗണ്ടറുകള്‍ പതിവുപോലെ പ്രവര്‍ത്തിക്കുന്നു. പക്ഷേ, ഒരു കാര്യം മാത്രം ഒത്തു പോകുന്നുണ്ടായിരുന്നില്ല. റെസ്റ്റോറന്റിനുള്ളിലെ ഭക്ഷണം കഴിക്കുന്നവരുടെ എണ്ണവും ബില്ലിംഗ് സിസ്റ്റത്തില്‍ തെളിയുന്ന നമ്പരുകളും! ചില ക്യാഷ് ബില്ലുകള്‍ സിസ്റ്റത്തില്‍ ദൃശ്യമാവുകയും തൊട്ടുപിന്നാലെ അപ്രത്യക്ഷമാവുകയും ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രിന്റ് ചെയ്ത സംഗ്രഹങ്ങള്‍ (summaries) വൃത്തിയുള്ളതായിരുന്നു. എന്നാല്‍ സോഫ്റ്റ്വെയര് ലോഗുകള്‍ മറ്റൊരു കഥയാണ് പറഞ്ഞത്. ഇതൊരു സാധാരണ അക്കൗണ്ടിംഗ് പിശകായിരുന്നില്ല, മറിച്ച് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയായിരുന്നു.
ബില്ലിംഗ് തട്ടിപ്പ്
ആദ്യം ഉദ്യോഗസ്ഥര്‍ കരുതിയത് ഇതൊരു പ്രാദേശിക തന്ത്രമാണെന്നാണ്. എന്നാല്‍ ഈ റെസ്റ്റോറന്റുകളെല്ലാം ഒരേ ബില്ലിംഗ് സോഫ്റ്റ്വെയറാണ് ഉപയോഗിക്കുന്നതെന്ന് അവര്‍ കണ്ടെത്തി. അതോടെയാണ് അന്വേഷണം ഒരു സാധാരണ പരിശോധനയല്ലാതായി മാറിയത്. ഡിലീഷന് പാറ്റേണുകള്‍ പിന്തുടര്ന്ന് അഹമ്മദാബാദിലെ സോഫ്റ്റ്വെയര് ദാതാവിന്റെ ബാക്ക്-എന്‍ഡ് (BACK-END) പരിശോധിച്ചപ്പോള്‍ ഇന്ത്യയിലുടനീളമുള്ള ഒരു ലക്ഷത്തിലധികം റെസ്റ്റോറന്റുകളില്‍ നിന്നുള്ള ഏകദേശം അറുപത് ടെറാബൈറ്റ് ബില്ലിംഗ് വിവരങ്ങളാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. ഒരു ബിരിയാണി കടയിലെ ചെറിയ പൊരുത്തക്കേട് പെട്ടെന്ന് രാജ്യവ്യാപകമായ ഒരു ഡാറ്റാ ട്രയലായി മാറി.
ഹൈദരാബാദിലെ ടാക്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡിജിറ്റല്‍ ലാബില്‍ വിദഗ്ധര്‍ ഡിലീറ്റ് ചെയ്ത ബില്ലുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ ആരംഭിച്ചു. സിസ്റ്റത്തില്‍ രേഖപ്പെടുത്തിയ ഓരോ ഇടപാടുകളും പുറമേയ്ക്കു ഡിലീറ്റ് ചെയ്താലും ഡിജിറ്റല്‍ തെളിവുകള്‍ ബാക്കിവച്ചിരുന്നു.
എഐ എങ്ങനെ സഹായിച്ചു
ഈ അടയാളങ്ങള്‍ വായിക്കാനും നഷ്ടപ്പെട്ട ഭാഗങ്ങള്‍ പുനര്‍നിര്‍മ്മിക്കാനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ടൂളുകള്‍ സഹായിച്ചു. ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പരിശോധിച്ച ആറ് വര്‍ഷത്തിനിടയില്‍ രാജ്യത്തെ റെസ്റ്റോറന്റുകള്‍ ഏകദേശം 2.43 ലക്ഷം കോടി രൂപയുടെ ബില്ലുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ 13,000 കോടിയിലധികം രൂപയുടെ ബില്ലുകള്‍ രേഖപ്പെടുത്തിയ ശേഷം മായ്ക്കപ്പെട്ടു.
ഇതൊരു അബദ്ധമായിരുന്നില്ല. ചില റെസ്റ്റോറന്റുകള്‍ എല്ലാ ദിവസവും ഏതാനും ക്യാഷ് ബില്ലുകള്‍ നീക്കം ചെയ്തു. മറ്റുള്ളവര്‍ മുപ്പത് ദിവസം വരെയുള്ള വലിയ തീയതി ബ്ലോക്കുകള്‍ തന്നെ മായ്ച്ചു കളഞ്ഞു. ചില ബിസിനസുകള്‍ അവരുടെ എല്ലാ റെക്കോര്‍ഡുകളും സോഫ്റ്റ്വെയറിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിച്ചെങ്കിലും, നികുതി ഫയലിംഗില്‍ വളരെ കുറഞ്ഞ വിറ്റുവരവ് മാത്രമാണ് കാണിച്ചത്. എല്ലാ കേസുകളിലും ഉദ്ദേശ്യം ഒന്നായിരുന്നു: കുറഞ്ഞ വരുമാനം റിപ്പോര്‍ട്ട് ചെയ്താല്‍ കുറഞ്ഞ നികുതി അടച്ചാല്‍ മതി.
ഓരോ സംസ്ഥാനങ്ങളും പരിശോധിച്ചപ്പോള്‍ ഇതിന്റെ വ്യാപ്തി കൂടുതല്‍ വ്യക്തമായി. ഡിലീറ്റ് ചെയ്ത ഇടപാടുകളില്‍ ഏകദേശം 2,000 കോടി രൂപയുമായി കര്‍ണാടകയാണ് മുന്നില്‍. തെലങ്കാന-1,500 കോടി. തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവ തൊട്ടുപിന്നാലെയുണ്ട്. ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും 3,734 പാന്‍ കാര്‍ഡുകള്‍ (PAN) പരിശോധിച്ചപ്പോള്‍ 5,000 കോടിയിലധികം രൂപയുടെ വില്‍പ്പന മറച്ചുവച്ചതായി കണ്ടെത്തി. ഈ രണ്ട് സംസ്ഥാനങ്ങളിലെയും നാല്‍പ്പത് റെസ്റ്റോറന്റുകളുടെ സാമ്പിള്‍ പരിശോധിച്ചപ്പോള്‍ മാത്രം 400 കോടി രൂപയുടെ റിപ്പോര്‍ട്ട് ചെയ്യാത്ത വിറ്റുവരവ് കണ്ടെത്തി. ചില ഔട്ട്ലെറ്റുകള് അവരുടെ വില്പനയുടെ നാലിലൊന്ന് ഭാഗവും മറച്ചുവെച്ചതായി കാണപ്പെട്ടു.
ഡിജിറ്റല്‍ റെക്കോര്‍ഡുകള്‍ മായ്ക്കുന്നത് ഫലിക്കില്ല
ആരാണ് ഇന്‍വോയ്സുകള്‍ ഡിലീറ്റ് ചെയ്യുന്നതെന്നും ഡിജിറ്റല്‍ അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കുന്നതെന്നും ഇപ്പോള്‍ നികുതി വകുപ്പിന് കൃത്യമായി കാണാന്‍ കഴിയുമെന്ന് ബാങ്കറും സാമ്പത്തിക ഉപദേഷ്ടാവുമായ സാര്‍ത്ഥക് അഹൂജ പറഞ്ഞു. 2019 മുതല്‍ 1.77 ലക്ഷം റെസ്റ്റോറന്റുകളുടെ ബില്ലിംഗ് ഡാറ്റ വിശകലനം ചെയ്ത ഉദ്യോഗസ്ഥര്‍, അവരില്‍ പലരും ശരാശരി 27% വില്‍പ്പന മറച്ചുവയ്ക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം കുറിച്ചു.
പല കേസുകളിലും ഇടപാടുകള്‍ രേഖപ്പെടുത്തിയ ശേഷം സിസ്റ്റത്തില്‍ നിന്ന് വ്യക്തിഗതമായോ അല്ലെങ്കില്‍ നിശ്ചിത തീയതികള്‍ മൊത്തമായോ മായ്ച്ചുകളഞ്ഞിട്ടുണ്ട്. ഈ രീതിയിലുള്ള അണ്ടര്‍ റിപ്പോര്‍ട്ടിംഗ് വഴി ഏകദേശം 70,000 കോടി രൂപയുടെ വിറ്റുവരവ് ഒളിപ്പിച്ചതായും ഇത് രണ്ട് ബില്യണ്‍ ഡോളറിലധികം നികുതി നഷ്ടത്തിന് കാരണമായേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ലൗഡ് അധിഷ്ഠിത സംവിധാനങ്ങള്‍ പോലും അന്വേഷകര്‍ക്കായി തെളിവുകള്‍ അവശേഷിപ്പിക്കും. റെക്കോഡുകള്‍ മായ്ക്കുന്നത് മികച്ച തന്ത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം ഹൈദരാബാദില്‍ നിന്ന് വിശാഖപട്ടണത്തിലേക്കും ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചു. നിലവിലെ കണ്ടെത്തലുകള്‍ ഒരു ബില്ലിംഗ് പ്ലാറ്റ്ഫോമിനെ മാത്രം സംബന്ധിച്ചതാണെന്നും മറ്റ് സോഫ്റ്റ്വെയറുകളും നിരീക്ഷണത്തിന് വിധേയമായേക്കാമെന്നും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (—) അറിയിച്ചു. വകുപ്പ് ഇപ്പോള്‍ പുനര്‍നിര്‍മ്മിച്ച ബില്ലുകള്‍ ടാക്സ് റിട്ടേണുകളുമായും ബാങ്ക് റെക്കോര്‍ഡുകളുമായും ഒത്തുനോക്കി വരികയാണ്. നോട്ടീസ് അയക്കാനും പിഴ കണക്കാക്കാനുമുള്ള തയാറെടുപ്പിലാണ് അവര്‍.
കാണാതായ കുറച്ച് ബിരിയാണി ബില്ലുകളില്‍ നിന്ന് തുടങ്ങിയത് ഒടുവില്‍ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ ടാക്സ് അന്വേഷണങ്ങളിലൊന്നായി മാറി. ഇതിന്റെ വ്യാപ്തിയേക്കാള്‍ അത് കണ്ടെത്തിയ രീതിയാണ് ശ്രദ്ധേയം. റെസ്റ്റോറന്റുകള്‍ ബില്ലുകള്‍ ഡിലീറ്റ് ചെയ്തു, പക്ഷേ സിസ്റ്റം അതിന്റെ തെളിവുകള്‍ സൂക്ഷിച്ചു. അവര്‍ തീയതികള്‍ മായ്ച്ചു, പക്ഷേ സെര്‍വറുകള്‍ പാദമുദ്രകള്‍ സൂക്ഷിച്ചു. നാടകീയ റെയ്ഡുകളൊന്നുമില്ലാതെ, ഡാറ്റയുടെ ബലത്തില്‍ മറച്ചുവച്ച വിറ്റുവരവുകള്‍ ഒന്നൊന്നായി വെളിയിലേക്ക് എത്തി.
‘ന്യൂസ്ദെൻ‘ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകു.
#TaxRaid #IncomeTax #BiryaniScam #DigitalFraud #AITech #HyderabadFoodies #TaxEvasion #FinancialCrime #BigData #IndiaNews #BusinessScam #CBDT #DigitalFootprint #വാർത്തകൾ #ആദായനികുതി #ബിരിയാണി #നികുതിവെട്ടിപ്പ് #ഹൈദരാബാദ് #സാമ്പത്തികം #ഡിജിറ്റൽതട്ടിപ്പ് #റെയ്ഡ് #ഇന്ത്യ #DailyhuntMalayalam #KeralaNews #TrendingNews






