KeralaNEWS

മസ്‌കറ്റില്‍ മരിച്ച രാജേഷിന്റെ മൃതദേഹവുമായി എയര്‍ ഇന്ത്യാ ഓഫീസിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം

തിരുവനന്തപുരം: മസ്‌കറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസിനുമുന്നില്‍ പ്രതിഷേധവുമായി കുടുംബം. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് രാജേഷിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ എത്തിയത്. ഇവിടെനിന്ന് മൃതദേഹം കൈപ്പറ്റിയ കുടുംബം ഈഞ്ചയ്ക്കലിലെ എയര്‍ ഇന്ത്യയുടെ ഓഫീസിന് മുന്നിലെത്തിയാണ് പ്രതിഷേധം നടത്തുന്നത്.

രാജേഷിന്റെ ഭാര്യ അമൃതയുടെ കുടുംബാംഗങ്ങളും നാട്ടുകാരായ കരമന നെടുങ്കാട് സ്വദേശികളുമാണ് സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. മസ്‌കറ്റിലെ ആശുപത്രിയില്‍ ഹൃദ്രോഗ അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാന്‍ ഈ മാസം എട്ടിനായിരുന്നു കരമന നെടുങ്കാട് സ്വദേശിനി അമൃത സി. രവി പുറപ്പെട്ടത്. പുലര്‍ച്ചെ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയത് അറിയുന്നത്.

Signature-ad

രാവിലെ 8.30-നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. രാജേഷിന് ഹൃദയാഘാതം ഉണ്ടായെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ വിവിധ ട്രാവല്‍ ഏജന്‍സികളിലൂടെ ടിക്കറ്റിനായി ശ്രമിച്ചശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ടിക്കറ്റ് ലഭിച്ചത്. ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ ഭര്‍ത്താവിനെ കാണാന്‍കഴിയാതെ വിങ്ങിപ്പൊട്ടിയ അമൃതയെ ആശ്വസിപ്പിക്കാനാവാതെ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ നിസ്സഹായരായിരുന്നു.

ഭര്‍ത്താവിന് അരികിലേക്ക് പോകണമെന്ന് തൊണ്ടയിടറി പറയുന്ന അമൃതയുടെ ദൃശ്യങ്ങള്‍ അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഏഴാം തീയതി ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് രാജേഷിനെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍മാര്‍ അടിയന്തരമായി അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആശുപത്രിയില്‍നിന്ന് ശനിയാഴ്ച ഫ്ളാറ്റിലെത്തിയ നമ്പി രാജേഷിന് സുഹൃത്തുക്കളാണ് കൂട്ടിനുണ്ടായിരുന്നത്.

നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിനിടെയായിരുന്നു മരണം. മരണസമയത്ത് നമ്പി രാജേഷ് ഫ്ളാറ്റില്‍ ഒറ്റയ്ക്കായിരുന്നു. അമൃതയ്ക്ക് സമയത്ത് മസ്‌കറ്റില്‍ എത്താനായിരുന്നെങ്കില്‍ രാജേഷ് ഫ്ലാറ്റില്‍ ഒറ്റയ്ക്കാവില്ലായിരുന്നു. കൃത്യമായ പരിചരണവും പ്രിയപ്പെട്ടവരുടെ സാന്നിധ്യവും ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊരു അത്യാഹിതം സംഭവിക്കില്ലായിരുന്നെന്നും അമൃതയുടെ ബന്ധുക്കള്‍ പറയുന്നു.

ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനുള്ള അമൃതയുടെ അവസരം എന്തുകൊണ്ട് നിഷേധിക്കപ്പെട്ടു, മരണവാര്‍ത്ത അറിഞ്ഞിട്ടുപോലും എന്തുകൊണ്ടാണ് എയര്‍ ഇന്ത്യ രാജേഷിന്റെ കുടുംബത്തെ ബന്ധപ്പെടാനോ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ ആദരാഞ്ജലി അര്‍പ്പിക്കാനോ തയ്യാറാകാഞ്ഞത് എന്നീ കാര്യങ്ങളില്‍ എയര്‍ ഇന്ത്യാ അധികൃതരുടെ ഭാഗത്തുനിന്ന് മറുപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.

Back to top button
error: