ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കി വീഡിയോ കോള്‍ ചെയ്ത് നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തുകയും വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം ശക്തികുളങ്ങര കാവനാട് ഐക്യ നഗറില്‍ ഹൗസ് നമ്പര്‍ 141 ല്‍ താമസിക്കുന്ന മുണ്ടയ്ക്കല്‍ വൈ നഗറില്‍ ബദരിയ മന്‍സിലില്‍ മുഹമ്മദ് ഹാരിസ് (36) ആണ് പിടിയിലായത്.
അധ്യാപകരുടെ നമ്പര്‍ സംഘടിപ്പിച്ച് സിനിമാ നിര്‍മാതാവാണെന്നു പറഞ്ഞ് ബ്രോഷര്‍ അയച്ചു നല്‍കിയ ശേഷം അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളുടെ ഓഡിഷന്‍ നടത്താനാണെന്ന രീതിയില്‍ അധ്യാപകരെ തെറ്റിദ്ധരിപ്പിച്ചാണ് പ്രതി പെണ്‍കുട്ടികളുടെ മൊബൈല്‍ നമ്പര്‍ തരപ്പെടുത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടികളെ ബന്ധപ്പെട്ട് സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് വീഡിയോ കോളില്‍ വിളിച്ച് ഒരു രംഗം അഭിനയിച്ചു കാണിക്കാന്‍ ആവശ്യപ്പെടും.
ഇത് അഭിനയിച്ചു കാണിക്കുമ്പോള്‍ നന്നായിട്ടുണ്ട് എന്നും അടുത്തതായി വേഷം മാറുന്ന രംഗം അഭിനയിക്കാന്‍ ആവശ്യപ്പെടും. ഇത്തരം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുകയും തുടര്‍ന്നു വിവരങ്ങളൊന്നുമില്ലാതാകുന്നതോടെ തട്ടിപ്പ് മനസ്സിലാക്കി പ്രതികരിക്കുന്നവരോട് ‘പുറത്തു പറഞ്ഞാല്‍ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യും’ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.