ന്യൂഡല്‍ഹി: എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ജീവനക്കാര്‍ കൂട്ടയവധിയെടുത്ത് പ്രതിഷേധിച്ച സംഭവത്തില്‍ നടപടിയുമായി വിമാന കമ്പനി. സംഭവത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 25 കാബിന്‍ ക്രൂ അംഗങ്ങളെ കമ്പനി പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ജീവനക്കാര്‍ക്കെതിരേ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഒരു ന്യായവുമില്ലാതെ മുന്‍കൂട്ടി നിശ്ചയിച്ച രീതിയില്‍ ഉദ്യോഗസ്ഥര്‍ ജോലിയില്‍ നിന്നും വിട്ടുനിന്നുവെന്നാണ് ക്രൂ അംഗങ്ങളെ പിരിച്ചുവിട്ടുകൊണ്ടുള്ള കത്തില്‍ കമ്പനി പറയുന്നത്. ഇതിന്റെ ഫലമായി ധാരാളം വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ടി വന്നു. നടപടി യാത്രക്കാര്‍ക്ക് വലിയ അസൗകര്യം സൃഷ്ടിച്ചു. ഇവരുടെ പ്രവൃത്തി പൊതുതാത്പര്യത്തിനെതിരായിരുന്നു എന്നുമാത്രമല്ല കമ്പനിക്ക് നാണക്കേടുണ്ടാക്കുകയും ധനനഷ്ടം വരുത്തിവയ്ക്കുകയും ചെയ്തു.
അസുഖം ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയുള്ള കൂട്ടയവധി വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നതിന് വേണ്ടിയുള്ള ആസൂത്രതിമായ നീക്കമായാണ് മനസ്സിലാക്കുന്നത്. ഇത് എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂളുകള്‍ ലംഘിക്കുന്ന നടപടിയാണെന്നും കത്തില്‍ പറയുന്നു.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ ഉപസ്ഥാപനമാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള വേതനം ലഭിക്കുന്നില്ലെന്ന പരാതി ഉന്നയിച്ചാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. എയര്‍ ഇന്ത്യാ എക്സ്പ്രസിനെ എയര്‍ ഏഷ്യയുമായും ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മറ്റു വിമാനക്കമ്പനികളുമായും ബന്ധിപ്പിക്കാനുള്ള തീരുമാനത്തിലും ഇവര്‍ക്ക് എതിര്‍പ്പുണ്ട്.
മുതിര്‍ന്ന തസ്തികകളിലേക്കുള്ള അഭിമുഖം കഴിഞ്ഞവര്‍ക്കും താഴ്ന്ന തസ്തികകളില്‍ തന്നെ ജോലിയില്‍ തുടരാന്‍ ആവശ്യപ്പെട്ടതും ജീവനക്കാരെ പ്രകോപിപ്പിച്ചു. ജോലി സമയം, അലവന്‍സ് എന്നിവ സംബന്ധിച്ചും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഇരുനൂറിലധികം കാബിന്‍ ജീവനക്കാര്‍ കൂട്ടയവധിയെടുത്ത് ടാറ്റാ ഗ്രൂപ്പിനെതിരേ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച രാത്രിമുതല്‍ നൂറിലധികം സര്‍വീസുകള്‍ കമ്പനി മുന്നറിയിപ്പില്ലാതെ റദ്ദാക്കിയിരുന്നു. മുന്നറിയിപ്പില്ലാതെ സര്‍വീസുകള്‍ റദ്ദാക്കിയതില്‍ ഡി.ജി.സി.എ. എയര്‍ഇന്ത്യ എക്‌സ്പ്രസിനോട് വിശദീകരണം തേടുകയും ചെയ്തു.