ബംഗളൂരു: കര്‍ണാടകയിലെ മുഖ്യരാഷ്ട്രീയ പാര്‍ട്ടിയായ ജനതാദള്‍ എസും അതിനെ നിയന്ത്രിക്കുന്ന ദേവെഗൗഡ കുടുംബവും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണു കടന്നുപോകുന്നത്. രണ്ടാം ഘട്ടത്തിലെ 14 മണ്ഡലങ്ങളിലെ പ്രചാരണത്തിനു നേതൃത്വം നല്കുന്ന സഖ്യകക്ഷിയായ ബിജെപിയെയും വിവാദങ്ങള്‍ വേട്ടയാടുന്നു.
ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിച്ചതിനു പിന്നില്‍ ഹാസനിലെ ബിജെപി നേതാവ് ദേവരാജ ഗൗഡയാണെന്ന വെളിപ്പെടുത്തലും ഗൗഡ ഇതു സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും പ്രജ്വലിന്റെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കാത്തതും ബിജെപിയെ പ്രതിരോധത്തിലാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ പ്രജ്വലിനായി പ്രചാരണത്തിന് എത്തിയത് ചൂണ്ടിക്കാട്ടി ബിജെപി ദേശീയ നേതൃത്വത്തെ കടന്നാക്രമിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അങ്ങനെ ഹാസനിലെ പെന്‍ഡ്രൈവുകള്‍ തുറന്നു വിട്ട അശ്ലീല വീഡിയോ വിവാദം കര്‍ണാടക രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റിയിരിക്കുകയാണ്.
ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ കൊച്ചുമകനും പാര്‍ട്ടിയുടെ ഏക എംപിയുമായ പ്രജ്വല്‍ രേവണ്ണ, മൂവായിരത്തോളം അശ്ലീല വിഡിയോകള്‍ പുറത്തു വന്നതോടെ നാടുവിട്ടു. പിന്നാലെയാണ് ലൈംഗികമായി പീഡിപ്പിച്ചെന്നു 2 സ്ത്രീകളുടെ പരാതിയില്‍ കേസ് വന്നത്. അശ്ലീല വിഡിയോയില്‍ ഉള്‍പ്പെട്ട വീട്ടമ്മയെ തെളിവു നശിപ്പിക്കാനായി തട്ടിക്കൊണ്ടുപോയ കേസില്‍ പ്രജ്വലിന്റെ പിതാവും എംഎല്‍എയുമായ എച്ച്.ഡി.രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരി നല്കിയ ലൈംഗിക പീഡനകേസില്‍ ഒന്നാംപ്രതിയാണ് രേവണ്ണ.