തിരുവനന്തപുരം: പൊതുജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മരവിപ്പിച്ച സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടി കേന്ദ്രാനുമതി ലഭിക്കും മുന്‍പ് സര്‍ക്കാര്‍ പൊടിച്ചത് 70കോടി രൂപ. കഴിഞ്ഞ വര്‍ഷം മാത്രം 22.59കോടി രൂപ ചെലവിട്ടു. പദ്ധതിക്ക് ഭൂമിയേറ്റെടുക്കാന്‍ നാലുവര്‍ഷം മുന്‍പ് വിജ്ഞാപനമിറക്കിയെങ്കിലും ഒരു സെന്റുപോലും ഏറ്റെടുക്കാനായിട്ടില്ല. ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തില്‍ 9.27കോടി ചെലവിട്ടു. സ്വകാര്യഭൂമിയില്‍ മഞ്ഞക്കുറ്റിയിടാനുള്ള ശ്രമം ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. 955.13 ഹെക്ടര്‍ ഭൂമിയേറ്റെടുക്കാന്‍ 11 ജില്ലകളില്‍ നിയോഗിച്ചിരുന്ന 205 ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ച് ഓഫീസുകള്‍ പൂട്ടിക്കെട്ടുകയും ചെയ്തു.
പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും അനുമതിക്കായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം തുടരുകയാണെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, പദ്ധതിക്ക് റെയില്‍വേ ഭൂമി വിട്ടുകൊടുക്കാനാവില്ലെന്ന് ദക്ഷിണറെയില്‍വേ വ്യക്തമാക്കിയതോടെ സില്‍വര്‍ലൈനിന്റെ വഴിയടഞ്ഞ മട്ടാണ്. ഒമ്പത് ജില്ലകളിലെ 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഭാവിവികസനത്തിന് തടസമാകുമെന്നും നിലവിലെ ലൈനുകളെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് റെയില്‍വേയുടെ എതിര്‍പ്പ്. നേരത്തേ തത്വത്തിലുള്ള അനുമതി നല്‍കിയിരുന്നെങ്കിലും, സാമ്പത്തികസാങ്കേതിക സാദ്ധ്യതകള്‍ പരിഗണിച്ചായിരിക്കും അന്തിമാനുമതിയെന്നാണ് കേന്ദ്രനിലപാട്. പദ്ധതിരേഖയില്‍ 63,940 കോടിയാണെങ്കിലും ചെലവ് 1.26 ലക്ഷം കോടിയാകുമെന്നാണ് നിതി ആയോഗിന്റെ കണക്ക്.
സില്‍വര്‍ലൈന്‍ അനിശ്ചിതത്വത്തിലായതോടെ, കല്‍പ്പറ്റ വഴിയുള്ള തലശേരി-മൈസൂര്‍ പുതിയ ബ്രോഡ്‌ഗേജ് ലൈന്‍, നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍, 27റെയില്‍ ഓവര്‍ബ്രിഡ്ജുകള്‍, ശബരി റെയില്‍ തുടങ്ങിയ പദ്ധതികളുടെ കണ്‍സള്‍ട്ടന്‍സി ഏറ്റെടുത്തിരിക്കുകയാണ് കെ-റെയില്‍ കോര്‍പ്പറേഷന്‍.