മലയാള സിനിമയുടെ ജാതകം മാറ്റിക്കുറിച്ച കേസ്; പഴയ സിനിമാ ഡയലോഗുകള്‍ പോലും സ്ത്രീ വിരുദ്ധമെന്നു കണ്ട് വിമര്‍ശിക്കപ്പെട്ട കാലം; തങ്ങള്‍ എഴുതിയതില്‍ പലതും ശരിയായിരുന്നില്ലെന്ന് സമ്മതിച്ച് മുതിര്‍ന്ന തിരക്കഥാകൃത്തുക്കള്‍; സിനിമയെ അമ്മാനമാടിയ ദിലീപിന്റെ തകര്‍ച്ചയ്ക്കു തുടക്കമിട്ടതും അന്നുമുതല്‍; എല്ലാ സിനിമകളും എട്ടുനിലയില്‍ പൊട്ടി

കൊച്ചി: മലയാള സിനിമയെ അടക്കിവാണ ആണ്‍ തേര്‍വാഴ്ചയ്ക്കു വിരാമമിട്ട കേസെന്ന നിലയിലും നടിയെ ആക്രമിച്ച കേസ് അറിയപ്പെടും. പുരുഷാധിപത്യത്തിന്റെ കോട്ടകളില്‍ പലതും നിലംപറ്റി. സ്ത്രീത്വത്തെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുതെന്ന തിരിച്ചറിവ് സെറ്റുകളില്‍ മാത്രമല്ല, കഥകളിലും തിരക്കഥകളിലും കൂടി വന്നു തുടങ്ങി. മുമ്പെഴുതിയ പല ഡയലോഗുകളും ശരിയായിരുന്നില്ലെന്ന് രണ്‍ജി പണിക്കര്‍ അടക്കമുള്ള തിരക്കഥാകൃത്തുകള്‍ക്കു സമ്മതിക്കേണ്ടിവന്നു. പൊളിറ്റിക്കല്‍ കറക്ട്‌നെസ് എന്നതിനെക്കുറിച്ച് ആഴത്തില്‍ ആലോചിച്ചു ഡയലോഗുകള്‍ പിറന്നു. അപ്പോഴും മലയാള സിനിമയുടെ തലപ്പത്തുള്ള സംഘടനയില്‍ ആണുങ്ങള്‍ ഭരിച്ചു. ഏറ്റവുമൊടുവില്‍ ശ്വേത മേനോനും കുക്കു പരമേശര്വനുമടക്കമുള്ളവര്‍ അധികാരത്തിലേറിയപ്പോഴും വിമര്‍ശന ശരങ്ങളുണ്ടായി. നടിക്കെതിരേ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയവരെന്ന വിമര്‍ശനം പലകോണുകളില്‍നിന്ന് ഉയര്‍ന്നു.
തൊട്ടുപിന്നാലെയെത്തിയ രാമലീല ഒഴിച്ചുള്ള എല്ലാ സിനിമകളും എട്ടുനിലയില്‍ പൊട്ടി. ടിവിയില്‍ വരുമ്പോള്‍ പോലും സ്ത്രീകള്‍ ദീലീപിന്റെ സിനിമകള്‍ ഒഴിവാക്കി. തിയേറ്ററില്‍ ആളില്ലാതായി. കോടികള്‍ ഇറക്കി ഓണ്‍ലൈന്‍ പ്രൊമോഷനുകള്‍ നടത്തിയപ്പോള്‍ പോലും സ്ത്രീകള്‍ കൂട്ടത്തോടെ വിട്ടുനിന്നു. മലയാള സിനിമയെന്നത് സാമാന്യ മര്യാദയുള്ളവര്‍ എത്തേണ്ടയിടംകൂടിയാണെന്നു പ്രേക്ഷകര്‍ പറയാതെ പറഞ്ഞു.
കേസിലെ പ്രതിയെക്കുറിച്ച് മഞ്ജു വാര്യര്‍ സൂചന നല്‍കിയ ഈ നിമിഷമാണ് മലയാള സിനിമയിലേക്ക് ആദ്യത്തെ ഇടിത്തീ വീണത്. അന്ന് സിനിമയെ അമ്മാനമാടിയിരുന്ന ദിലീപ് അതുകേട്ട് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അതുവരെ പലരില്‍ ഒരുവനായി പ്രതിഷേധത്തിനു വന്നയാള്‍ മാത്രമായിരുന്നു ദിലീപ്. ആ നിമിഷത്തിനു പിന്നാലെ പ്രതികളില്‍ ഒരുവനാണെന്ന് കേരളം തിരിച്ചറിഞ്ഞു. പിന്നെയും കുറച്ചു കാലം കൂടി കഴിഞ്ഞപ്പോഴാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.

ഒടുവില്‍ ദിലീപ് കേസില്‍ അറസ്റ്റിലായി. ആ അറസ്റ്റ് മലയാള സിനിമയെയാകെ പിടിച്ചുലച്ചിരുന്നു. കേരളം മാത്രമല്ല, ദക്ഷിണേന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ ഉലഞ്ഞു. ക്രിമിനല്‍ കേസ് പ്രതിയെക്കൊണ്ട് ആക്രമിപ്പിക്കുന്നത്, സ്വയം ആക്രമിക്കുന്നതിലും നീചമായ കുറ്റമാണെന്ന് ലോകം തിരിച്ചറിഞ്ഞു. അധമരില്‍ അധമര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം.
രാത്രി ജോലി കഴിഞ്ഞുവരുന്ന നടികള്‍ക്കു മാത്രമല്ല, സെറ്റുകളിലെമ്പാടും സുരക്ഷയുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നു. പെണ്‍കൂട്ടം ഡബ്ല്യുസിസിയായി രൂപപ്പെട്ടു. അതായിരുന്നു ചരിത്രം തിരുത്തിയ കൂട്ടായ്മ- വിമന്‍ ഇന്‍ സിനിമ കളക്ടീവ് രൂപംകൊള്ളുന്നതിലേക്ക് എത്തിയത്. ആ സംഘം മുഖ്യമന്ത്രിക്കു മുന്നിലെത്തുകയും പിന്നീട് ഹേമ കമ്മിഷന്‍ രൂപംകൊള്ളുകയും ചെയ്തു.
പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ ശ്വേതാ മേനോനും കുക്കു പരമേശ്വരനും നയിക്കുന്ന ഭരണ സമിതി അമ്മയെന്ന പഴയ ആണധികാര സംഘടനയുടെ നിയന്ത്രണമേറ്റു. അമ്മയുടെ തലപ്പത്തു മാത്രമല്ല സിനിമയിലും മാറ്റങ്ങളുണ്ടായി. സ്ത്രീകളെ അവഹേളിക്കുന്ന സിനിമകള്‍ കുറഞ്ഞു. അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചു നടന്മാര്‍ മുന്നോട്ടുവന്നു. ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ക്കു കുറവുണ്ടായി. നടിമാരുടെ വേതനത്തില്‍ വലിയ പരിഷ്‌കാരം ഉണ്ടായില്ലെങ്കിലും സെറ്റുകളിലെ വേര്‍തിരിവുകള്‍ക്ക് ശമനമുണ്ടായി. മിനിമം സൌകര്യങ്ങള്‍ എല്ലാവര്‍ക്കും കിട്ടാന്‍ തുടങ്ങി. സ്ത്രീകളെ വിറപ്പിച്ചു നടന്നിരുന്നവര്‍ പതിയെ പത്തി താഴ്ത്തിയെന്നും സെറ്റുകളില്‍ നിന്നു റിപ്പോര്‍ട്ടുകള്‍ വന്നു.
മലയാള ചലച്ചിത്ര രംഗത്ത് കോളിളക്കം സൃഷ്ടിച്ച നടിയെ അക്രമിച്ച കേസില്‍ അന്തിമ വിധി തിങ്കളാഴ്ച അറിയാം. പ്രേക്ഷകര്‍ ജനപ്രിയ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ച ദിലീപ് പ്രതി ചേര്‍ക്കപ്പെട്ടതോടെയാണ് നടിയെ ആക്രമിച്ച കേസ് കൂടുതല്‍ ചര്‍ച്ചയായത്. കൂട്ടബലാത്സംഗം, ക്രിമിനല്‍ ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കല്‍, അന്യായ തടങ്കല്‍, ബലപ്രയോഗം, തെളിവ് നശിപ്പിക്കല്‍, അശ്ശീല ചിത്രമെടുത്ത് പ്രചരിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് കേസില്‍ ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.
2017 ഫെബ്രുവരി 17-ന് ഷൂട്ടിംഗിനായി തൃശൂരില്‍ നിന്ന് കൊച്ചിക്ക് വരും വഴിയായിരുന്നു നടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഒന്നാം പ്രതി പള്‍സര്‍ സുനിയും സംഘവും വാഹനാപകടം സൃഷ്ടിച്ച് നടിയുടെ കാര്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇടപ്പള്ളി, കാക്കനാട് ഭാഗത്തേക്ക്, വാഹനം വഴി തിരിച്ചുവിടുകയും ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ ഏപ്രില്‍ 18 ന് തന്നെ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. 2013 ല്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലിലായിരുന്നു ഇതുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയതെന്നുമാണ് പ്രോസിക്യൂഷന്റെ വാദം.
ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായ മഞ്ജു വാര്യര്‍ നടത്തിയ ഗൂഢാലോചനാ പരാമര്‍ശത്തിലാണ് കേസന്വേഷണത്തിന്റെ ദിശമാറുന്നത്. ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ച് കേസിന്റെ ഭാഗമാക്കാതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി. 2017 ജൂണ്‍ 28 ന് ദിലീപ്, നാദിര്‍ഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി 13 മണിക്കൂര്‍ മൊഴിയെടുത്തു. ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതായി പൊലീസ് കണ്ടെത്തി. ഇതോടെ ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി.85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ചതോടെ ദിലീപ് പുറത്തിറങ്ങി.
ജൂലൈ 11 ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. ഒക്ടോബര്‍ മൂന്നിനാണ് കര്‍ശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിക്കുന്നത്. തന്നേയും മറ്റൊരു നടിയേയും ചേര്‍ത്ത് അതിജീവിത ഗോസിപ്പുകള്‍ പ്രചരിപ്പിച്ചു എന്ന് ദിലീപ് സംശയിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇവര്‍ക്കിടയിലെ ബന്ധം ആദ്യ ഭാര്യയെ അറിയിച്ചു. ഇതോടെ ആദ്യ വിവാഹബന്ധം തകര്‍ന്നു.
2013 ല്‍ ‘അമ്മ’ റിഹേഴ്‌സല്‍ ക്യാമ്പില്‍ നടിയെ അതിജീവിത അപമാനിച്ചു. ദിലീപ് തുടര്‍ന്ന് ഭീഷണി മുഴക്കുകയും അതിജീവിതയുടെ കരിയര്‍ തകര്‍ക്കാന്‍ പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അതിജീവിതയെ മാനസികമായി തളര്‍ത്താനും അപമാനിക്കാനും ഒന്നാം പ്രതിയുമായി ഗൂഢാലോചന നടത്തി.നടിയുടെ നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ നിര്‍ദേശിച്ചു. ഒന്നരക്കോടി രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്.
ഒരു വര്‍ഷത്തിന് ശേഷം 2018 മാര്‍ച്ച് 8 ന് കേസിലെ വിചാരണ നടപടികള്‍ക്ക് തുടക്കമായി. 2020 ജനുവരി 6 ന് പള്‍സര്‍ സുനി, നടന്‍ ദിലീപ്, മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നീ പ്രതികള്‍ക്കെതിരെ വിചാരണയുടെ ഭാഗമായി കുറ്റം ചുമത്തി. 2020 ജനുവരി 30 – സാക്ഷിവിസ്താരം ആരംഭിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസാണ് വിചാരണ നടത്തിയത്.
വിചാരണാ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യവുമായി അതിജീവിത രംഗത്തെത്തിയെങ്കിലും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളി. ഇതിനിടെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം നടത്തി. ദിലീപിന്റെ സുഹ്യത്ത് ശരത്തിനെയും കേസില്‍ പ്രതി ചേര്‍ത്തു. തുടരന്വേഷണത്തിനായി നിര്‍ത്തിവച്ച വിചാരണ 2022 നവംബറില്‍ പുനരാരംഭിച്ചു. 2024 ഡിസംബര്‍ 11- കേസില്‍ അന്തിമവാദം ആരംഭിച്ചു. വിചാരണ പൂര്‍ത്തിയാക്കി 2025 നവംബര്‍ 25 ന് കോടതി കേസ് വിധി പറയാന്‍ മാറ്റി. ഡിസംബര്‍ 8ന് കേസില്‍ അന്തിമവിധി വരും.






