‘ദിലീപിനെ പൂട്ടണം’: ഇരവാദം ലക്ഷ്യമിട്ട് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ്; മഞ്ജുവിന്റെയും എഡിജിപി ബി. സന്ധ്യയുടെയും പേരില്‍ വ്യാജ പ്രൊഫൈല്‍; പിന്നില്‍ ദീലീപ് തന്നെയെന്നും അന്വേഷണ സംഘം; കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണസംഘത്തിന്റെ കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്ത്. കേസിന്റെ അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനും നടന്‍ ദിലീപ് വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ‘ദിലീപിനെ പൂട്ടണം’ എന്ന് പേരിട്ട ഈ ഗ്രൂപ്പിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയത്.
കേസില്‍ താന്‍ നിരപരാധിയാണെന്നും ഉന്നതതല ഗൂഢാലോചനയുടെ ഫലമായി അന്യായമായി പ്രതിചേര്‍ക്കപ്പെട്ടതാണെന്നും സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു ഇതെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ നിര്‍മ്മിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പില്‍, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായിരുന്നു ശ്രമം. ഈ ഗൂഢാലോചനയ്ക്ക് വിശ്വാസ്യത നല്‍കുന്നതിനായി, മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരുടെ പേരില്‍ ഒരു വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു.
ഇതിനുപുറമേ, കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ എ.ഡി.ജി.പി ബി. സന്ധ്യയുടെ പേരും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഉന്നതരായ വ്യക്തികള്‍ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു എന്ന പ്രതീതി സൃഷ്ടിച്ച്, ഈ വാട്‌സ്ആപ്പ് ഗ്രൂപ്പ് ഒരു തെളിവായി അവതരിപ്പിക്കുകയായിരുന്നു ദിലീപിന്റെ ലക്ഷ്യം.
കേസിന്റെ തുടക്കം മുതല്‍ ദിലീപ് ഉയര്‍ത്തിയ പ്രധാന വാദങ്ങളിലൊന്ന് താന്‍ ഒരു ഇരയാണെന്നതായിരുന്നു. പൊതുസമൂഹത്തിലും കോടതിയിലും ഈ ‘ഇരവാദം’ സ്ഥാപിച്ചെടുക്കുന്നതിന്റെ ഭാഗമായിരുന്നു വ്യാജ വാട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മ്മാണമെന്നും അന്വേഷണസംഘം ചൂണ്ടിക്കാണിക്കുന്നു. താന്‍ നിരപരാധിയാണെന്നും തന്നെ മനഃപൂര്‍വം കേസില്‍ കുടുക്കിയതാണെന്നും പ്രചരിപ്പിച്ച് സഹതാപ തരംഗം സൃഷ്ടിക്കാനുള്ള തന്ത്രമാണ് ഇതിലൂടെ പയറ്റിയത്.






