മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്ചിരോലി ജില്ലയില്‍ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേരെ ജീവനോടെ ചുട്ടുകൊന്നു. ജമ്നി ദേവാജി തെലാമി (52), ദേശു കാട്ടിയ അത്ലമി (57) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മേയ് ഒന്നിന് ഗ്രാമത്തിലെ ചിലര്‍ ഒത്തുചേര്‍ന്ന് പഞ്ചായത്ത് വിളിക്കുകയും കൊല്ലപ്പെട്ട സ്ത്രീയും പുരുഷനും മന്ത്രവാദികളാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. മൂന്നര വയസ്സുള്ള ആരോഹി ബന്ദു തെലാമി എന്ന കുട്ടി മന്ത്രവാദം മൂലമാണ് മരിച്ചതെന്നായിരുന്നു ഗ്രാമവാസികളുടെ ആരോപണം.
കുട്ടിയുടെ മരണത്തില്‍ രോഷാകുലരായ ഗ്രാമവാസികള്‍ ഇവരെ പിടികൂടുകയും മര്‍ദിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. സംഭവത്തിന്റെ ഗൗരവവും തീവ്രതയും കണക്കിലെടുത്ത് ഗഡ്ചിരോളി പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റിലായ എല്ലാവരും ബര്‍സെവാഡ ഗ്രാമത്തിലെ താമസക്കാരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.