KeralaNEWS

ക്ഷേത്രങ്ങളില്‍ അരളിപ്പൂ വേണോ? ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന പൊതു നിര്‍ദ്ദേശം ഉയര്‍ന്നതോടെ ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇന്ന് തീരുമാനമെടുക്കും. ഇന്നലെ ബോര്‍ഡ് പ്രാഥമിക ചര്‍ച്ച നടത്തി. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു.

ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോര്‍ഡിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ബോര്‍ഡ് യോഗം ചേരുന്നത്. ഇതുസംബന്ധിച്ചു അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിര്‍ദ്ദേശം നല്‍കി.

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ അരളിപ്പൂ ഉപയോ?ഗിക്കുന്നുണ്ട്. ക്ഷേത്ര വളപ്പില്‍ അരളി നട്ടു വളര്‍ത്തേണ്ടെന്നും അഭിപ്രായമുണ്ട്. നിവേദ്യത്തില്‍ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അര്‍പ്പിക്കാറുണ്ട്.

കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നിഗമനം. വന ഗവേഷണ കേന്ദ്രവും അരളിയില്‍ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തില്‍ എത്ര അളവില്‍ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.

സംസ്ഥാനത്തു ചില ക്ഷേത്രങ്ങളില്‍ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പണ്ടു മതലേ അരളി പൂജയ്‌ക്കോ, മാല ചാര്‍ത്താനോ ഉപയോഗിക്കാറില്ലെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: