സിസ്റ്റർ ജോസ് മരിയ കൊലക്കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി. പ്രതി കാസർകോട് സ്വദേശിയായ സതീശ് ബാബുവിനെയാണ് കോടതി വെറുതെ വിട്ടത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
കോട്ടയം പിണ്ണക്കാനാട് മൈലാടി എസ്.എച്ച് കോൺവെൻ്റിലെ സിസ്റ്റർ ജോസ് മരിയയെ (75) സതീശ് ബാബു മോഷണ ശ്രമത്തിനിടെ തലയ്ക്കടിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്. 2015 ഏപ്രിൽ 17 ന് പുലർച്ച ഒന്നരക്കായിരുന്നു സംഭവം നടന്നത്. പ്രതിഭാഗത്തിനായി ഷെൽജി തോമസും പ്രോസിക്യൂഷനായി ഗിരിജയും ഹാജരായി.
മോഷണത്തിനായി മഠത്തിൽ കയറിയ പ്രതി, ശബ്ദം കേട്ട് ഉണർന്ന് ബഹളംവെച്ച സിസ്റ്ററെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുയായിരുന്നത്രേ. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ, പാലാ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ലിസ്യു മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് ജോസ് മരിയയുടേതും കൊലപാതകമാണെന്ന് വ്യക്തമായത്.
സിസ്റ്റർ അമല കൊലക്കേസിൽ നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിൽ തടവിൽ കഴിയുകയാണ് പ്രതി സതീശ് ബാബു.