തിരുവനന്തപുരം: കോര്‍പറേഷനിലെ തൊഴിലില്ലായ്മ വേതന വിതരണത്തില്‍ ഏകദേശം പതിനഞ്ചര ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസില്‍ രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്ക് 12 വര്‍ഷം കഠിനതടവ്. ഇവരില്‍ നിന്നു മൊത്തം 12,80,000 രൂപ പിഴയായി ഈടാക്കാനും വിജിലന്‍സ് എന്‍ക്വയറി കമ്മിഷണര്‍ ആന്‍ഡ് സ്‌പെഷല്‍ ജഡ്ജി എം.വി.രാജകുമാര ഉത്തരവിട്ടു.
കോര്‍പറേഷനിലെ അക്കൗണ്ട്‌സ് വിഭാഗം ക്ലാര്‍ക്കായിരുന്ന പി.എല്‍. ജീവന്‍, ആരോഗ്യ വിഭാഗം ക്ലാര്‍ക്കായിരുന്ന സദാശിവന്‍ നായര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഒന്നാം പ്രതി ജീവന്‍ 6,35,000 രൂപയും രണ്ടാം പ്രതി സദാശിവന്‍ നായര്‍ 6,45,000 രൂപയും പിഴയായി ഒടുക്കണം. ജീവന്‍ കൃഷി വകുപ്പില്‍ നിന്നും സദാശിവന്‍ നായര്‍ നഗരകാര്യ വകുപ്പില്‍ നിന്നും ഡപ്യൂട്ടേഷനിലാണ് കോര്‍പറേഷനിലെത്തിയത്. ഇരുവരും സര്‍വീസില്‍ നിന്നു വിരമിച്ചു.
തൊഴിലില്ലായ്മ വേതന വിതരണത്തില്‍ (2005-06 വര്‍ഷം) 15,45,320 രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് വിജിലന്‍സ് സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് (ഒന്ന്) കേസെടുത്തത്. കോര്‍പറേഷനിലെ 20 ഹെല്‍ത്ത് സര്‍ക്കിള്‍ സോണുകളില്‍ വേതന വിതരണത്തിനു ശേഷം ബാക്കി വന്ന തുക ട്രഷറിയില്‍ ഇവര്‍ തിരിച്ചടച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി.