
ബംഗളൂരു: ഉത്സവസീസണുകളിൽ മാത്രമല്ല, തെരഞ്ഞെടുപ്പ് കാലത്തും സ്പെഷല്‍ സർവീസുകള്‍ നടത്തി ലാഭം കൊയ്യാനൊരുങ്ങുകയാണ് കർണാടക ആർടിസി.
ബംഗളൂരുവിലും മൈസൂരുവിലും നിന്ന് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കായി 10 തെരഞ്ഞെടുപ്പ് സ്പെഷല്‍ സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
25നു പുറപ്പെട്ട് 26നു രാവിലെ കേരളത്തിലെത്തുന്ന രീതിയിലാണു ട്രിപ്പുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇവയിലേക്കുള്ള സീറ്റുകളുടെ ബുക്കിംഗും തുടങ്ങി. 26നു വൈകുന്നേരം ഇതേ ബസിനു മടക്കയാത്രകൂടി ബുക്കുചെയ്താല്‍ യാത്രാനിരക്കില്‍ 10 ശതമാനം ഇളവും അനുവദിക്കും.
ആവശ്യക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ കൂടുതല്‍ ബസുകള്‍ ഏർപ്പെടുത്താനും നീക്കമുണ്ട്. കേരളത്തിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നുമായി ആയിരക്കണക്കിന് മലയാളികള്‍ ബംഗളൂരുവിലുള്ളതിനാല് മുന്നണികളുടെ ഭാഗത്തുനിന്നുതന്നെ കൂട്ടത്തോടെ സീറ്റുകള്‍ ബുക്ക് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.






