KeralaNEWS

നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതി; ജാമ്യം എടുത്ത് മുങ്ങിനടന്ന സ്ത്രീ അറസ്റ്റില്‍

പത്തനംതിട്ട: നിരവധി തട്ടിപ്പ് കേസുകളില്‍ പ്രതിയായശേഷം ജാമ്യം എടുത്ത് കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന സ്ത്രീ അറസ്റ്റില്‍.

ചെന്നീർക്കര, പ്രക്കാനം പാലമൂട്ടില്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന രേഖ പി.ഹരി (44)യെയാണ് ആറന്മുള പോലീസ് എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.

Signature-ad

2013-ല്‍ ഇലന്തൂർ സ്വദേശിയായ സ്ത്രീയുടെ ഒന്നര ലക്ഷം രൂപ തട്ടിച്ച കേസില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ജാമ്യം എടുത്ത ശേഷം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നതിനെ തുടർന്ന് സ്വത്തുക്കള്‍ കണ്ടെത്തുന്നതിനുള്ള നടപടികള്‍ കോടതി സ്വീകരിച്ചുവരവേയാണ് എറണാകുളത്ത് താമസിക്കുന്നതായി വിവരം ലഭിച്ചത്.

തഴവ സ്വദേശിയായ ഇവർ രേഖ പി. എന്നും രേഖ എന്നും പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ച്‌ തട്ടിപ്പ് നടത്തിയതിന് മുൻപ് പത്തനംതിട്ട, തുമ്ബ, ഓച്ചിറ, ചാത്തന്നൂർ പോലീസ് സ്റ്റേഷനുകളിലായി കേസുകള്‍ ഇവരുടെ പേരില്‍ ഉണ്ട്. രണ്ട് വർഷമായി എറണാകുളത്ത് ഒരു ഫ്ളാറ്റില്‍ താമസിച്ചശേഷം ഇൻഫോപാർക്കില്‍ സ്റ്റാർട്ടപ്പ് കമ്ബനി തുടങ്ങാമെന്ന് പറഞ്ഞുവിശ്വസിപ്പിച്ച്‌ രണ്ടരക്കോടിയോളം രൂപ ആളുകളില്‍നിന്ന് തട്ടിയെടുത്തതിന് തൃക്കാക്കര പോലീസ് ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ആറന്മുള പോലീസ് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ മേല്‍നോട്ടത്തില്‍ സബ് ഇൻസ്പെക്ടർ അജയൻ, എസ്.ഐ. റസീന, മുബാറക് എന്നിവരടങ്ങിയ സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ എറണാകുളത്തുനിന്ന് പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: