പൊട്ടി പൊളിഞ്ഞ വീട്ടില്‍ ഇഴജന്തുക്കളെ ഭയന്ന് കഴിയുന്ന ഇന്ദുവിന്റെയും കുടുംബത്തിന്റെയും ജീവിതത്തെ കുറിച്ചറിഞ്ഞ പ്രവാസിയായ പത്തനംത്തിട്ട മല്ലപ്പള്ളി കീഴ്വായ്പൂർ മേത്തറില്‍ വീട്ടില്‍ ശോഭന ജോർജ്ജാണ് ഇന്ദുവിന് പുതിയ വീട് നിർമ്മിച്ച് നല്‍കിയത്. നിർമ്മാണം പൂർത്തിയായ വീട് വിഷു കൈനീട്ടമായി ഇന്ദുവിന് ഇന്നലെ കൈമാറി.
കാറ്റാടിമൂട് ജംക്‌ഷനു സമീപത്തു മണ്ണു കൊണ്ടു നിർമിച്ച 70 വർഷം പഴക്കമുള്ള വീട്ടിലായിരുന്നു ഇന്ദുവും ഭർത്താവ് ബൈജുവും മകൻ അർജുനും താമസിച്ചിരുന്നത്. ഇഴജന്തുക്കള്‍ ഉള്‍പ്പെടെ വീടിനകത്തും പരിസരത്തും താവളം ആക്കിയിരുന്നു. ഇതിനിടയില്‍ വീടിനകത്തു വച്ച് ഇന്ദുവിനു പാമ്ബിന്റെ കടിയേറ്റു. പൊട്ടി പൊളിഞ്ഞ വീട്ടിലെ ഇന്ദുവിന്റെയും കുടുംബത്തിന്റെയും കഥ അഡ്വ. എസ്.സെബി വഴി പുറത്തറിഞ്ഞു. ഇതറിഞ്ഞ ശോഭന ജോർജ് ഇവരുമായി ബന്ധപ്പെട്ട് വീട് നിർമിച്ചു നല്‍കാമെന്ന് ഉറപ്പു നല്‍കി. ദുബായ്‌യില്‍ 33 വർഷമായി നഴ്സാണു ശോഭന ജോർജ്.
8 ലക്ഷം രൂപയോളം ചെലവഴിച്ച് ആണ് ഇന്ദുവിനും കുടുംബത്തിനും വീടു നിർമിച്ചത്. വീടിന്റെ താക്കോല്‍ ശോഭന ജോർജ് ഇന്ദുവിനു കൈമാറി. പരിസരവാസികളും ഇന്ദുവിന്റെയും ബൈജുവിന്റെയും ബന്ധുക്കളും നാട്ടുകാരും സാക്ഷ്യം വഹിച്ചു. ശോഭന ജോർജിന്റെ ഭർത്താവ് ജോർജ് തോമസും വിദേശത്താണ്. 3 മക്കളുണ്ട്.
ഒട്ടേറെ കുടുംബങ്ങളെ ശോഭന ജോർജ് സഹായിച്ചിട്ടുണ്ട്. അടുത്തിടെ ജപ്തി ഭീഷണിയില്‍ കഴിഞ്ഞ കൊല്ലം പുത്തൂർ ഐവർകാല സ്വദേശിക്കു വായ്പ തീർത്ത് ആധാരം വീണ്ടെടുത്തു നല്‍കാനും ശോഭന ജോർജ് സന്നദ്ധയായി.