ഒരു നാലു വയസുകാരനും അവനൊപ്പം നിൽക്കുന്ന മാൻകുട്ടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം. വിര്‍ജീനിയയിലെ ഒരു റിസോർട്ടിൽ അവധിയാഘോഷിക്കാൻ എത്തിയതാണ് കുഞ്ഞു ഡൊമിനിക്കും അവൻറെ കുടുംബവും. പുറത്തെ കാഴ്ചകള്‍ കണ്ട് കളിച്ചു നടക്കുന്നതിനിടയിലാണ് ഡൊമിനിക്കിന് പുതിയ കൂട്ടുകാരനെ കിട്ടുന്നത്. ഒരു മാന്‍ കുട്ടിയാണ് കഥയിലെ താരം.
ഡൊമിനിക്കിനൊപ്പം ചങ്ങാത്തം കൂടിയ മാന്കുട്ടി പതിയെ അവനൊടൊപ്പം റിസോർട്ടിലേക്ക് പോയി. റിസോർട്ടിനുള്ളിൽ മറ്റു തിരക്കുകളിൽ നില്‍ക്കുകയായിരുന്ന ഡൊമിനിക്കിന്റെ അമ്മ സ്റ്റെഫാനിയാണ് വാതിൽക്കൽ നിൽക്കുന്ന ഡൊമിനിക്കിനേയും പുതിയ കൂട്ടുകാരനായ മാൻകുട്ടിയേയും ആദ്യമായി കാണുന്നത്.
പടിവാതിലിൽ തന്നെ നോക്കി നിൽക്കുന്ന ഡൊമിനിക്കും ഡൊമിനിക്കിന്റെ അരികിൽ യാതൊരു ഭയവും ഇല്ലാതെ നിൽക്കുന്ന മാൻകുട്ടിയും. രണ്ടാളും അകത്തേക്ക് കയറാനുള്ള അമ്മയുടെ അനുമതിക്ക് വേണ്ടി കാത്തുനിൽക്കുകയാണ്. ഡൊമിനിക്കിനേയും പുതിയ കൂട്ടുകാരനെയും കണ്ട് ആദ്യമൊന്ന് അമ്പരന്നെങ്കിലും സ്റ്റെഫാനി ഉടൻതന്നെ തന്റെ ഫോൺ കണ്ടെത്തി മകന്റേയും കൂട്ടുകാരന്റെയും നിഷ്കളങ്കമായ നോട്ടം പകർത്തുകയായിരുന്നു.
പിന്നീട് സ്റ്റെഫാനി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മകന്റെയും കൂട്ടുകാരന്റെയും ചിത്രം പുറത്തുവിട്ടത്. നിമിഷനേരം കൊണ്ടാണ് ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഡൊമിനിക്കിന്റേയും മാൻ കുട്ടിയുടെയും നിഷ്കളങ്കമായ നോട്ടമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷകഘടകം.
മാൻകുട്ടിയെ റിസോർട്ടിനുള്ളിൽ കയറ്റി കുറച്ച് ധാന്യം കൊടുക്കണമെന്ന് ഡൊമിനിക്കിന് ഉണ്ടായിരുന്നുവെങ്കിലും അതിനെ കാണാതെ മാന്‍കുട്ടിയുടെ അമ്മ വിഷമിക്കുമെന്നും അതുകൊണ്ട് തിരികെ വിടാമെന്നും സ്റ്റെഫാനി മകനോട് പറയുകയായിരുന്നു.