സ്വപ്ന സുരേഷിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം കേന്ദ്രസർക്കാർ ഇടപെട്ട് തടഞ്ഞത് കഴിഞ്ഞ വർഷമാണ്.ഇത് കേരളത്തിൽ പോലും ചർച്ചയാകാതെയും പോയി.സ്വപ്ന സുരേഷിന്റെ ഒരു ഫേസ്ബുക്ക് ലൈവിനായി മണിക്കൂറോളം കാത്തു നിൽക്കുകയും ആഴ്ചകളോളം അത് ചർച്ചയാക്കുകയും ചെയ്ത മലയാള മാധ്യമങ്ങളുടെ നിശബ്ദത ഇക്കാര്യത്തിൽ അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു.
തങ്ങളുടെ ലക്ഷ്യം ഏറെക്കുറെ ജനങ്ങൾക്ക് മനസ്സിലായ സ്ഥിതിക്ക് അവർക്കതിന്റെ ആവശ്യമുണ്ടെന്നും തോന്നുന്നില്ല.എന്നാൽ വർഷങ്ങളായി സ്വർണ്ണക്കടത്ത് മാത്രം പ്രധാന വിഷയമായി അവതരിപ്പിച്ച് അന്തിച്ചർച്ച നടത്തിയിരുന്ന ടീംസാണല്ലോ ഇതെന്ന് ഓർക്കുമ്പോൾ…!!
അതുപോട്ടെ, വിഷയം സ്വർണ്ണക്കടത്തും സ്വപ്നയുമാണല്ലോ.സ്വർണ്ണ കള്ളക്കടത്ത് കേസ് ആദ്യം മുതൽ തന്നെ അന്വേഷിച്ചത് കേന്ദ്ര ഏജൻസികളാണ്.എന്നിട്ടും പ്രധാന വിഷയമായ സ്വർണം കടത്തിയത് ആർക്കുവേണ്ടി എന്നത് ഇതുവരെയും വെളിയിൽ വന്നിട്ടില്ല.ഇപ്പോളിതാ കേന്ദ്രം ഭരിക്കുന്ന ബിജെപി ഇടപെട്ട് സ്വപ്നയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കം തടയുകയും ചെയ്തിരിക്കുന്നു.നേരത്തെ തന്നെ ആർഎസ്എസ് ബന്ധമുള്ള എച്ച്‌ആർഡിഎസിൽ സ്വപ്നയ്ക്ക് ജോലി നൽകിയത് വാർത്തയായിരുന്നു കേന്ദ്ര സർക്കാർ ഫണ്ടുപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് ഈ എച്ച്‌ആർഡിഎസ് എന്നോർക്കണം.അതുമാത്രമല്ല,
പ്രതികളായ സ്വപ്‌ന സുരേഷിനും പി എസ് സരിത്തിനും വാർത്താസമ്മേളനത്തിന് ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തതും ഈ എച്ച്‌ആർഡിഎസ് തന്നെയായിരുന്നു.
സ്വർണ്ണക്കടത്ത് കേസിന്റെ നാൾവഴികൾ
2020 ജൂലൈ 5ന് തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിലേക്ക് വന്ന 15 കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തതോടെയാണ് വിവാദങ്ങൾക്ക് തുടക്കമാകുന്നത്.ഇന്ത്യയിലാദ് യമായി ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയെന്ന പ്രത്യേകത കൂടി ഈ കേസിനുണ്ട്. യുഎഇ കോൺസുലേറ്റിലേക്കുള്ള പാഴ്സലിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണം ഉണ്ടായിരുന്നത്.പല ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നായിരുന്നു.കസ്റ്റംസിന് കിട്ടിയ ‘രഹസ്യ’ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതും ‘ചില’ പ്രതികളെ പിടികൂടിയതും.പിന്നീട്
കസ്റ്റംസിനൊപ്പം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഈ കേസ് ഏറ്റെടുത്തിരുന്നു.അവരാണ് സ്വപ്നയുടെ സ്വത്ത് കണ്ടുകെട്ടണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയത്.
ഒന്നുകൂടി വിശദമായി…
യുണൈറ്റഡ് അറബ് എമിരേറ്റ്സിന്റെ തിരുവനന്തപുരത്തെ കോൺസുലേറ്റിലേക്ക്, യുഎഇ ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള എമിറേറ്റ്സ് എയർ ലൈൻ വഴി മുപ്പതു കിലോയുള്ള ഒരു ഡിപ്ലോമാറ്റിക് പാക്കേജ് വരുന്നു.തിരുവനന്തപുരത്തെ കസ്റ്റംസ് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അത് പിടിച്ചെടുക്കുകയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുകയും ചെയ്യുന്നു.തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം യു എ ഇ കോൺസുലേറ്റുമായി ബന്ധപ്പെടുന്നു.അവർ ആ പാക്കേജിൽ തങ്ങൾക്ക് ഉത്തരവാദിത്വം ഇല്ലെന്നും അതു തങ്ങളുടേതല്ല എന്നും അറിയിക്കുന്നു.പിന്നീട് കോൺസുലാർ ഓഫീസറുടെ സാന്നിധ്യത്തിൽ ഡിപ്ലോമാറ്റിക് പൗച്ച് തുറന്നപ്പോൾ മുപ്പതു കിലോ സ്വർണം കണ്ടെത്തുന്നു.
കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് പായ്ക്കറ്റ് വന്നിരിക്കുന്നത്. കോൺസുലേറ്റിൽ പിആർഒ ആയിരുന്ന,എന്നാൽ ആ സമയത്ത് ഉദ്യോഗത്തിലില്ലാത്ത ആളാണ് അതു കളക്റ്റ് ചെയ്യാൻ ചെന്നത്.ലോക്ഡൗൺ കാലത്ത് രണ്ടുതവണയടക്കം എട്ടുപ്രാവശ്യം സ്വർണം കടത്തിയിട്ടുള്ളതായി അറസ്റ്റ് ചെയ്യപ്പെട്ട സരിത്ത് ഇതിനിടയ്ക്ക് കുറ്റസമ്മതം നടത്തുന്നു.കൂട്ടാളിയായി കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷും ഉണ്ടായിരുന്നതായി സരിത്ത് മൊഴി നൽകുന്നു.ഈ വ്യക്തിയാവട്ടെ, ഐടി വകുപ്പിന്റെ കീഴിൽ ഒരു അപ്രധാന തസ്തികയിൽ ടെമ്പററിയായി ജോലിക്കിരുന്നയാളാണ്. വാർത്ത വന്നതിനു പിന്നാലെ ഐടി വകുപ്പ് ആളെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
ഇത്രയും ശരി. ഇനി വാർത്തകളിലേക്കും ആരോപണങ്ങളിലേക്കും വരാം.
സ്വർണ്ണം കടത്തിയത് പിണറായി വിജയന് വേണ്ടിയായിരുന്നു എന്നതായിരുന്നു പ്രധാന ആരോപണം. സ്വപ്ന സുരേഷ് കോൺസുലേറ്റ് ഉദ്യോഗസ്ഥയായിരിക്കെ യുഎഇ കോൺസുലേറ്റ് കേരളത്തിലെ എംഎൽഎമാർക്കായി നടത്തിയ ഇഫ്താർ വിരുന്നിലെ ചിത്രം ഉപയോഗിച്ചാണ് ഇവർക്ക് മുഖ്യമന്ത്രിയുമായി ബന്ധം എന്നു തെളിയിക്കാനുള്ള ശ്രമം നടന്നത്.ജയ്ഹിന്ദ് ടിവി ഒരു പടികൂടി കടന്ന്, ദക്ഷിണേന്ത്യൻ ചുമതലയുള്ള യുഎഇ കോൺസുലാർ ജനറൽ ജുമാ അൽ ഹുസൈൻ റഹ്മ അൽ സാഹ്ബിയുടെ മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രം എടുത്ത്, സ്വർണ്ണം കടത്തിയ വനിതയാണെന്ന മട്ടിൽ വാർത്ത പ്രചരിപ്പിക്കുക വരെ ചെയ്തു.അതേസമയം പ്രതിയായ യുവതി പ്രതിപക്ഷ നേതാവിനൊപ്പവും യുവ കോൺഗ്രസ് എംഎൽഎമാർക്കൊപ്പവും, എന്തിന്, ഒ രാജഗോപാലിനു സമീപം പോലും നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ ചറപറാ ആ സമയത്തും പറക്കുന്നുണ്ടായിരുന്നു.
ഇനി യഥാർത്ഥ കാര്യത്തിലേക്ക് ..
ഇതിന് ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് –സി ഫോർ (C fore) നടത്തിയ, വരാൻ പോകുന്ന തിരഞ്ഞെടുപ്പിനെ അടിസ്ഥാനമാക്കിയുള്ള ഒരു സർവേ ഫലം പുറത്തുവന്നത്.അതായത് കോവിഡ് ലോക്ഡൗണിന് തൊട്ടുമുൻപ്.പഞ്ചായത്ത് തെരഞ്ഞെടുപ്പ്(2020 ഡിസംബർ) പടിവാതിൽക്കൽ നിൽക്കയും നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരുവർഷം(2021 ഏപ്രിൽ 6) മാത്രം അവശേഷിക്കുകയും ചെയ്യുന്ന സന്ദർഭത്തിലാണ് അവർ സർവേ നടത്തുന്നത്.
കേരളത്തിലെ മാറിമാറി വരുന്ന ഭരണ സാഹചര്യം വച്ച് ഇത്തവണ യുഡിഎഫ് തന്നെ അധികാരത്തിൽ വരുമെന്നും അങ്ങനെ ആയാൽ ഉമ്മൻ ചാണ്ടിയാവണം മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നും പൊതുവെ ചർച്ച നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇടതുപക്ഷത്തിന് മുൻതൂക്കം നൽകുന്ന അവരുടെ സർവേ ഫലം പുറത്തുവരുന്നത്.കേരളത്തിൽ എൺപതുകൾക്കു ശേഷം ഏതെങ്കിലും മുന്നണിക്കു തുടർഭരണം കിട്ടുക എന്ന അത്യപൂർവ്വ റെക്കോഡിന് ഇപ്പോഴത്തെ എൽഡിഎഫ് ഗവൺമെന്റ് തുടക്കമിടും എന്ന സൂചന തന്നെ പലർക്കും സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു.
ഈ സർവേ മുന്നോട്ടുവച്ച മറ്റു ചില പ്രധാന പോയിന്റുകളിൽ, കഴിഞ്ഞതവണ സഹതാപതരംഗത്തിന്റെ ബലത്തിൽ ഒ രാജഗോപാൽ നിയമസഭാംഗമായെങ്കിൽ ഇത്തവണ കേരളത്തിൽ അത് ഏഴുമുതൽ ഒൻപതു സീറ്റുവരെ ബിജെപി നേടുമെന്നും പറയുന്നുണ്ട്.ശബരിമല വിഷയവും മറ്റുമായിരുന്നു കാരണങ്ങൾ.
ശബരിമല വിഷയം
ലിംഗഭേദമില്ലാതെ എല്ലാ ഹിന്ദു തീർത്ഥാടകർക്കും ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കാമെന്നുള്ള സുപ്രീംകോടതിയുടെ വിധി വന്നത് 2018 സെപ്റ്റംബറിൽ ആയിരുന്നു. “ജൈവശാസ്ത്രപരമായ വ്യത്യാസങ്ങൾ കാരണം സ്ത്രീകൾക്ക് ഏർപ്പെടുത്തുന്ന ഏതൊരു അപവാദവും ഭരണഘടനയുടെ ലംഘനമാണ്” എന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടു. പ്രത്യേകമായി, ആർട്ടിക്കിൾ 14 പ്രകാരമുള്ള തുല്യതയ്ക്കുള്ള അവകാശവും ആർട്ടിക്കിൾ 25 പ്രകാരം മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും ലംഘിക്കുന്നതായി കോടതി അഭിപ്രായപ്പെട്ടു .വിധി ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ പ്രതിഷേധത്തിന് ഇടയാക്കി.എന്നാൽ സുപ്രീംകോടതി വിധി അനുസരിക്കുകയേ സർക്കാരിന് മുന്നിൽ വഴിയുള്ളായിരുന്നു.ഇത് കോൺഗ്രസും ബിജെപിയും നന്നായി മുതലെടുക്കുകയും ചെയ്തു.(2018-2019 മണ്ഡലകാലം) ഇതിനു ശേഷമായിരുന്നു ഏഷ്യനെറ്റ്-സീ ഫോർ സർവ്വേ.വ്യക്തമായി പറഞ്ഞാൽ 2020 ജനുവരി-ഫെബ്രുവരി മാസങ്ങളിൽ. എന്നാൽ 2020 മാർച്ച് മാസത്തോടെ കോവിഡിന്റെ വരവായി.രാജ്യം ലോക്ഡൗണിലേക്കും പോയി.
പിന്നീട് 2020 മെയ് അവസാനത്തോടെയാണ് കോവിഡ് ലോക്ഡൗണിൽ നിന്നും രാജ്യം ചെറിയ രീതിയിലെങ്കിലും മുക്തമാകുന്നത്.എന്നാൽ ഈ സമയം കൊണ്ട് കേരളം വല്ലാത്തൊരു അന്തരീക്ഷത്തിലേക്ക് മാറിക്കഴിഞ്ഞിരുന്നു.മറ്റു രാഷ്ട്രീയ പാർട്ടികളുടെ അടിയുറച്ച അണികൾ പോലും പതുക്കെ പിണറായി വിജയൻ എന്ന നേതാവിനെ അംഗീകരിക്കുന്ന തരത്തിലേക്ക് ആ അന്തരീക്ഷം വളരുകയും ചെയ്തിരുന്നു. തന്നെയുമല്ല,ക്രൈസിസ് മാനേജ്മെന്റ്അടക്കമുള്ള കാര്യങ്ങളിൽ, പ്രത്യേകിച്ച് കോവിഡ് കാല പ്രവർത്തനങ്ങളിൽ കേരളത്തിലെ ഇടതുപക്ഷ സർക്കാർ നേടിയ മുൻതൂക്കം പൊതുജനത്തെ എത്രമാത്രം സ്വാധീനിച്ചു എന്നത് ഏവരെയും അത്ഭുത പെടുത്തുന്ന ഒന്നുമായിരുന്നു.സ്വാഭാവികമായും ഈ ട്രെൻഡ് മറികടക്കണമെങ്കിൽ സാധാരണ അഴിമതി ആരോപണം ഒന്നും പോരായിരുന്നു.അത്തരം ഏത് ആരോപണങ്ങൾ വന്നാലും ഈയൊരു സാഹചര്യത്തിൽ കേരളത്തിൽ അത് ഏശുകയില്ലെന്നും അവർക്കറിയാമായിരുന്നു.അതേസമയം പബ്ലിൿ സർവന്റ്സിന്റെ മൊറാലിറ്റി പോലൊരു പ്രശ്നം വന്നാൽ അതിന് ജനങ്ങൾക്കിടയിൽ വിഷയാസക്തിയേറുകയും ചെയ്യും. ഇത് കണക്കാക്കിയുള്ള ഒരു മൂവ് തന്നെയായിരുന്നു സ്വർണ്ണ കള്ളക്കടത്ത് കേസ്.എന്നാൽ ഇതിന് പിന്നിൽ ആരൊക്കെ എന്നത് കാലം തെളിയിക്കേണ്ടിയിരിക്കുന്നു.
ഇടയ്ക്ക് ഒരുകാലത്ത് നിശബ്ദയായിപ്പോയ സ്വപ്ന ഇപ്പോൾ വീണ്ടും ഉണർന്നെഴുന്നേറ്റ് വന്നിട്ടുണ്ട്.ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടതാണ്.25 ലക്ഷം രൂപയുടെ ജാമ്യത്തിലാണ് അവർ ഒന്നേകാൽ വർഷത്തിനുശേഷം ജയിലിൽ നിന്നുതന്നെ പുറത്തു വന്നത്.പതിവുപോലെ ആദ്യത്തെ വെടി പിണറായിക്ക് നേരെയായിരുന്നു.എന്നത്തേയും പോലെ അയാൾ നിശബ്ദത പാലിച്ചു.ആ മൗനത്തെ കൂട്ടുപിടിച്ചുകൊണ്ടായിരുന്നു പിന്നത്തെ ആക്രമണം.അവിടെയും പരാജയപ്പെട്ടപ്പോൾ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷിനെതിരായി ആരോപണം.അദ്ദേഹം കേസ് ഫയൽ ചെയ്തതോടെ എനിക്ക് അങ്ങനെ ഒരാളെ അറിയുകപോലുമില്ലെന്ന് സ്വപ്നയ്ക്ക് തന്നെ ചാനലുകളുടെ മുന്നിൽ വിളമ്പേണ്ടിയും വന്നു.ഇപ്പോഴിതാ അവരുടെ വസ്തു കണ്ടുകെട്ടാനുള്ള തീരുമാനം ബിജെപി ഇടപെട്ട് മരവിപ്പിക്കുകയും ചെയ്തിരിക്കുന്നു.ഒരുപക്ഷെ ഇക്കാര്യത്തിൽ ഇനിയും നേരം വെളുക്കാത്തത് കേരളത്തിലെ കോൺഗ്രസ്സുകാർക്ക് മാത്രമാണെന്ന് തോന്നുന്നു.കാരണം അവരായിരുന്നു സ്വപ്നയ്ക്കു വേണ്ടി ഏറ്റവും കൂടുതൽ പോലീസിന്റെ തല്ലുകൊണ്ടത് !!