KeralaNEWS

പാനൂര്‍ സ്‌ഫോടനം: വടകരയില്‍ കൊലപാതക രാഷ്ട്രീയ ചര്‍ച്ചയ്ക്ക് തീ പിടിക്കുന്നു

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണവിഷയമാക്കി യു.ഡി.എഫ്. ഉയര്‍ത്തിക്കൊണ്ടുവരുന്നതിനിടെ, പാനൂരിലെ ബോംബുസ്‌ഫോടനം കൂടിയായതോടെ വടകരയിലെ പ്രചാരണരംഗത്ത് വീണ്ടും കൊലപാതകരാഷ്ട്രീയം നിറയുന്നു. ബോംബുനിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതോടെ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കുകയാണ് യു.ഡി.എഫും എന്‍.ഡി.എയും.

സ്‌ഫോടനം നടന്ന വെള്ളിയാഴ്ച തന്നെ യു.ഡി.എഫിന്റെ പ്രചാരണയോഗങ്ങളില്‍ നിറഞ്ഞത് ഈ സംഭവമാണ്. ശനിയാഴ്ച സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെയും കെ.കെ. രമ എം.എല്‍.എ.യുടെയും നേതൃത്വത്തില്‍ പാനൂരില്‍ സമാധാനയാത്രനടത്തി യു.ഡി.എഫ്. കളംനിറഞ്ഞുകഴിഞ്ഞു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെടുത്തിയാണ് ഈ സംഭവത്തെ യു.ഡി.എഫും ആര്‍.എം.പി.ഐ.യും വ്യാഖ്യാനിക്കുന്നത്. എന്തുകൊണ്ട് ടി.പി. കേസ് ഇപ്പോഴും ചര്‍ച്ചയാക്കുന്നു എന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പാനൂരിലെ സ്‌ഫോടനമെന്നാണ് ഷാഫിയും കെ.കെ. രമയും പറഞ്ഞത്. സി.പി.എം. കൊലപാതകരാഷ്ട്രീയം നിര്‍ത്തിയിട്ടില്ലെന്നതിന്റെ തെളിവായാണ് സംഭവത്തെ യു.ഡി.എഫ്. ചിത്രീകരിക്കുന്നത്.

Signature-ad

ടി.പി. കേസിലെ പ്രധാനപ്രതികളുമായി സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ക്കുള്‍പ്പെടെ അടുത്തബന്ധമുണ്ടെന്ന ആരോപണം യു.ഡി.എഫും ആര്‍.എം.പി.ഐ.യും ഉന്നയിക്കുകയും ചെയ്തു. ഇത് തെളിയിക്കുന്ന ചിത്രവും പുറത്തുവിട്ടു. ടി.പി. കേസിലെ പ്രധാനപ്പെട്ട പ്രതികളെല്ലാം ഹൈക്കോടതി വിധിയോടെ പുറത്തിറങ്ങാന്‍ കഴിയാത്തവിധം ജയിലില്‍ അകപ്പെട്ടതോടെ ഇവരുടെ വിടവുനികത്താനായി വലിയൊരു ക്രിമിനല്‍സംഘത്തെത്തന്നെ സി.പി.എം. വളര്‍ത്തിക്കൊണ്ടുവരുന്നതായാണ് യു.ഡി.എഫ്. ആരോപണം. ഈരീതിയില്‍ പാനൂര്‍ സ്‌ഫോടനത്തിന്റെ എല്ലാ വശങ്ങളെയും ടി.പി. കേസുമായി ബന്ധപ്പെടുത്തി ബോംബുരാഷ്ട്രീയത്തിനെതിരേ ആഞ്ഞടിക്കുന്ന സമീപനമാണ് യു.ഡി.എഫിന്റേത്.

പാര്‍ട്ടിയുമായി ബന്ധമില്ലാത്തവരാണ് ബോംബുണ്ടാക്കിയതെന്ന വിശദീകരണവുമായി സി.പി.എം. രംഗത്തുവന്നിട്ടുണ്ട്. പതിവുവിശദീകരണം എന്നതിലപ്പുറം ഒരു ചലനവും ഇതുണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ യു.ഡി.എഫ്.-ആര്‍.എം.പി.ഐ., എന്‍.ഡി.എ. ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനും ശക്തമായി രംഗത്തിറങ്ങേണ്ടിവരും. കോണ്‍ഗ്രസ് പ്രതിസ്ഥാനത്തുള്ള കൊലക്കേസുകളും മറ്റും കുത്തിപ്പൊക്കി ഇപ്പോള്‍ത്തന്നെ സൈബറിടങ്ങളില്‍ ഒളിപ്പോരുതുടങ്ങിയിട്ടുണ്ട്.

ഇതോടെ 2019-ലെ തിരഞ്ഞെടുപ്പിന്റെ സമാനസാഹചര്യത്തിലേക്കാണ് ഇത്തവണയും വടകരയിലെ പ്രചാരണം നീങ്ങുന്നത്. അന്ന് പി. ജയരാജന്‍ സി.പി.എം. സ്ഥാനാര്‍ഥിയായപ്പോള്‍ യു.ഡി.എഫും ആര്‍.എം.പി.യും സജീവചര്‍ച്ചയാക്കിയത് ടി.പി. വധവും ഷുക്കൂര്‍ വധക്കേസുമൊക്കെയാണ്. ഫലംവന്നപ്പോള്‍ ഇടതുപക്ഷത്തിന് തിരിച്ചടിനേരിട്ടു. വീണുകിട്ടിയ ആയുധം ഉപയോഗിക്കുന്ന യു.ഡി.എഫിനെ പ്രതിരോധിക്കാന്‍ സി.പി.എം. എന്ത് രാഷ്ട്രീയതന്ത്രമാണ് സ്വീകരിക്കുകയെന്നാണ് ഇനിയറിയേണ്ടത്.

Back to top button
error: