കോട്ടയം: വേനല്‍ കാലത്ത് ആളുകൾ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഒരു പഴ വർഗമാണ് തണ്ണിമത്തൻ.ശരീരത്തില്‍ ജലാംശം നിലനിർത്താൻ തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.
എന്നാൽ ഒരുമാസം മുൻപ് വരെ കിലോയ്ക്ക് 15 രൂപയായിരുന്ന തണ്ണിമത്തന്റെ വില ഇപ്പോള്‍ ഇരട്ടിച്ചിരിക്കുകയാണ്. മൊത്ത വിപണിയിലും ചില്ലറ വിപണിയിലും വില വർദ്ധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.
നിലവിൽ തണ്ണിമത്തന് കിലോയ്ക്ക് 35 – 40 രൂപ വരെയാണ് ചില്ലറ വ്യാപാരികൾ ഈടാക്കുന്നത്. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരണ്‍ വിഭാഗത്തിലുള്ള തണ്ണിമത്തനോടാണ് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയം. ഇതിന് കിലോയ്ക്ക് 40 – 50 രൂപ വരെയുണ്ട്. തമിഴ്നാട്ടില്‍ നിന്നും കർണാടകയിലെ മൈസൂരില്‍ നിന്നുമാണ് കിരണ്‍ തണ്ണിമത്തൻ എത്തുന്നത്.
അതേസമയം മൂപ്പെത്തുംമുമ്പ് പറിച്ചെടുത്ത ഇത്തരം പഴങ്ങൾക്ക് കടും ചുവപ്പു നിറം ലഭിക്കാൻ വ്യാപകമായി രാസവസ്തു ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്.ചൂടുകാലത്ത് നല്ല വില്‍പ്പന ലഭിക്കുമെന്നതിനാല്‍ തണ്ണിമത്തനിൽ ഉൾപ്പെടെയാണ് ഇത്തരത്തില്‍ രാസവസ്തു ചേർത്ത് മാർക്കറ്റിൽ എത്തിക്കുന്നത്.
കാത്സ്യം കാര്‍ബൈഡ് (സി എ സി2)എന്ന രാസവസ്തുവാണ് നല്ലവണ്ണം മൂപ്പെത്താത്ത പഴവര്‍ഗങ്ങള്‍ പഴുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെതന്നെ ഒരുതരം കല്ലും ഉപയോഗിക്കുന്നുണ്ട്. തണ്ണിമത്തനില്‍ ചുവപ്പ് നിറം കിട്ടാന്‍ രാസപദാര്‍ഥം കുത്തിവെക്കുന്നതായ പരാതി വ്യാപകമായി ഉയര്‍ന്നിട്ടും കേരളത്തിലെ ഭക്ഷ്യസുരക്ഷാ വിഭാഗം ഇതുവരെയും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
കാത്സ്യം കാര്‍ബൈഡ് ഉപയോഗിച്ച് പഴുപ്പിക്കുന്ന പഴങ്ങള്‍ കഴിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.തൊലിപ്പുറത്തെ ചൊറിച്ചില്‍, ക്യാന്‍സര്‍, കുടല്പ്പുണ്ണ് എന്നിവയടക്കമുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നതാണ് കാത്സ്യം കാര്‍ബൈഡ് എന്നാണ് വിദഗ്ധര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സ്ഥിരമായി ഇത്തരം പഴങ്ങള്‍ കഴിക്കുന്നവര്‍ക്ക് കണ്ണിന് അസ്വസ്ഥതയുണ്ടാകുമെന്നും നെഞ്ച്വേദനയടക്കമുള്ള ശാരീരിക പ്രശ്നങ്ങളുണ്ടാകുമെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നൽകുന്നു.
വേനൽ ആരംഭിച്ചതോടെയാണ് കൃത്രിമമായി പഴുപ്പിച്ച് പഴങ്ങള്‍ വില്‍പ്പന നടത്തുന്നത് വര്‍ധിച്ചിട്ടുള്ളത്. തമിഴ്നാട്ടിലെ സേലം, ഈറോഡ്, ദിണ്ഡിഗല്‍, കൃഷ്ണഗിരി, ധര്‍മപുരി, ആന്ധ്രപ്രദേശ്, കേരളത്തിലെ മുതലമട അടക്കമുള്ള വിവിധ പ്രദേശങ്ങളിലും ഇപ്പോള്‍ മാങ്ങ വിളവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. ദിവസങ്ങളോളം കടകളുടെ പെട്ടികളില്‍ സൂക്ഷിക്കുന്ന മാങ്ങയടക്കമുള്ള പഴങ്ങള്‍ കേടുകൂടാതെ ഇരിക്കുന്നത് രാസവസ്തു ഉപയോഗിച്ച് പഴുപ്പിക്കുന്നത് കൊണ്ടാണ്.
ഏതാനും ദിവസം മുൻപ് മലപ്പുറത്ത് കടയില്‍നിന്ന് വാങ്ങി വീട്ടിലെ അടുക്കളയില്‍ കൊണ്ടുെവച്ച തണ്ണിമത്തൻ പൊട്ടിത്തെറിച്ചിരുന്നു.പുതുപൊ ന്നാനി നാലാംകല്ലില്‍ ചാമന്റകത്ത് നസ്റുദീന്റെ വീട്ടിലായിരുന്നു സംഭവം.
എം.ഇ.എസ്. കോളേജിനുസമീപത്തെ കടയില്‍നിന്ന് വാങ്ങിയതാണ് തണ്ണിമത്തൻ.പിറ്റേന്ന് രാവിലെ പത്തരയോടെയാണ് പെട്ടിത്തെറിച്ചത്. ശബ്ദംകേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോഴാണ് തണ്ണിമത്തന്റെ അകത്തെ ഭാഗങ്ങള്‍ ചിതറിത്തെറിച്ചനിലയില്‍ കണ്ടത്.വല്ലാത്ത ദുർഗന്ധവുമായിരുന്നു ഇതിനെന്ന് വീട്ടുകാർ പറയുന്നു.