ലഖ്നൗ: സുല്‍ത്താന്‍പുരില്‍ നിന്നുതന്നെ മത്സരിക്കാന്‍ അവസരം നല്‍കിയതിന് നരേന്ദ്രമോദിയോടും അമിത് ഷായോടും നഡ്ഡയോടും നന്ദിപറഞ്ഞ് മനേക ഗാന്ധി. ഭാരതീയ ജനതാ പാര്‍ട്ടിയിലെ അംഗമെന്നതില്‍ സന്തോഷവതിയാണെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. മകന് വരുണ്‍ ഗാന്ധിയുടെ കാര്യം അയാളോടുതന്നെ ചോദിക്കണമെന്നും മനേക ഗാന്ധി പ്രതികരിച്ചു. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ പത്തുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയതായിരുന്നു മനേക.
മകനും ബി.ജെ.പി. നേതാവുമായ വരുണ്‍ ഗാന്ധിക്ക് പിലിഭിത്തില്‍ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മനേക ഗാന്ധി വ്യക്തമായ മറുപടി നല്‍കിയില്ല. വരുണുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എനിക്കറിയില്ല. അയാള്‍ ഇനി എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വരുണിനോടുതന്നെ ചോദിക്കൂ. അതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ചര്‍ച്ച ഉണ്ടാവുകയുള്ളൂ എന്നും മനേക പറഞ്ഞു.
ബി.ജെ.പിക്കാരിയാണ് എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സുല്‍ത്താന്‍പുരില്‍ നിന്നുതന്നെ മത്സരിക്കാന്‍ വീണ്ടും അവസരം തന്നതിന് നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ജെ.പി. നഡ്ഡയ്ക്കും നന്ദി. വളരെ വൈകിയാണ് എന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടത്. അതുവരെ പിലിഭിത്തില്‍ നിന്നാണോ സുല്‍ത്താന്‍പുരില്‍ നിന്നാണോ മത്സരിക്കേണ്ടിവരിക എന്ന് സംശയം നിലനിന്നിരുന്നു. ഇപ്പോള്‍ പാര്‍ട്ടി എടുത്ത തീരുമാനത്തില്‍ സന്തുഷ്ടയാണെന്നും മനേക പറഞ്ഞു.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച ശേഷം ആദ്യമായാണ് മനേക സുല്‍ത്താന്‍പുരില്‍ എത്തുന്നത്. 10 ദിവസത്തെ സന്ദര്‍ശനത്തില്‍ മണ്ഡലത്തിലെ 101 ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുമെന്ന് മനേക പറഞ്ഞു. മണ്ഡലത്തിലെത്തിയ അവര്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെയും പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായയുടെയും പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി. ഒരു എം.പി. പോലും രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലാത്ത ചരിത്രമാണ് സുല്ത്താന്പുരിലേത്. അങ്ങനെ ഒരു മണ്ഡലത്തിലേക്ക് വീണ്ടും മത്സരിക്കാന്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും മനേക പറഞ്ഞു.
സ്ഥാനാര്‍ഥിത്വം നല്‍കാത്തതിനെ തുടര്‍ന്ന് വരുണ്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. കോണ്‍ഗ്രസില്‍നിന്നും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയില്‍നിന്നും ക്ഷണം വന്നിരുന്നുവെങ്കിലും വരുണ്‍ ഇതെല്ലാം തള്ളിക്കളഞ്ഞിരുന്നു. പിന്നാലെ പിലിഭിത്തിലെ ജനങ്ങള്‍ക്ക് തുറന്ന കത്തും എഴുതി. തന്റെ അവസാന ശ്വാസംവരെ പിലിഭിത്ത് മണ്ഡലവുമായും അവിടുത്തെ ജനങ്ങളുമായുള്ള ബന്ധം അവസാനിക്കില്ലെന്നും വരുണ്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു.