തിരുവനന്തപുരം: കേരള തീരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കടലാക്രമണത്തിന് കാരണം തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമെന്ന് ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം. തെക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ഒരാഴ്ച മുന്‍പാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. കഴിഞ്ഞ ദിവസം ഈ ന്യൂനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്ക് ഭാഗത്തേയ്ക്ക് നീങ്ങിയതാണ് കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ സൃഷ്ടിക്കാന്‍ കാരണമെന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ന്യൂനമര്‍ദ്ദം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് നീങ്ങിയതിന്റെ ഫലമായി കേരള തീരത്ത് പല ഭാഗങ്ങളിലും 11 മീറ്റര്‍ വരെ പൊക്കത്തില്‍ ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടുന്ന സ്ഥിതിയുണ്ടായി. ഇതാണ് കേരള തീരത്തിന്റെ പല ഭാഗങ്ങളിലും കടലാക്രമണത്തിലേക്ക് നയിച്ചത്. കേരള തീരത്തും ലക്ഷദ്വീപിലും മാര്‍ച്ച് 31ന് രാവിലെയാണ് ഉയര്‍ന്ന തിരമാലകള്‍ ആദ്യമായി അനുഭവപ്പെട്ടത്. അടുത്ത രണ്ട് ദിവസം ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തും ഈ പ്രതിഭാസം കാണാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ദുര്‍ബലമാകുമെന്നാണ് പ്രതീക്ഷയെന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. കള്ളക്കടല്‍ പ്രതിഭാസം ഇന്ത്യയുടെ കിഴക്കന്‍ തീരങ്ങളിലും (ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും തുടരാനും സാധ്യതയുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായി ചില പ്രത്യേക സമയങ്ങളില്‍ ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ ഫലമായാണ് കള്ളക്കടല്‍ പ്രതിഭാസം ഉണ്ടാവുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തെക്കുഭാഗത്തായി ഉണ്ടാവുന്ന ശക്തമായ കാറ്റിന്റെ സ്വാധീനഫലമായി ഉയര്‍ന്ന തിരകള്‍ ഉണ്ടാവുകയും അവ വടക്കോട്ട് സഞ്ചരിച്ച് ഇന്ത്യയുടെ തെക്കന്‍ തീരങ്ങളില്‍ എത്തുകയുമാണ് ചെയ്യുന്നത്. പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാവാതെ പെട്ടെന്ന് തന്നെ ഉണ്ടാവുന്നതാണ് കള്ളക്കടല്‍ പ്രതിഭാസത്തിന്റെ പ്രത്യേകത. ലക്ഷണങ്ങള്‍ കാണിക്കാതെ തിരകള്‍ പെട്ടന്ന് വരുന്നതുകൊണ്ടാണ് ഇവയെ ‘കള്ളക്കടല്‍’ എന്ന് വിളിക്കുന്നത്. ഈ തിരകള്‍ മൂലം തീരപ്രദേശങ്ങളില്‍ കടല്‍ ഉള്‍വലിയാനും/കയറാനും കാരണമാവുന്നു എന്നും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം വിശദീകരിച്ചു.
കഴിഞ്ഞ ദിവസം കേരള തീരത്ത് ഉണ്ടായ കടലാക്രമണത്തില്‍ നിരവധി വീടുകളിലാണ് വെള്ളം കയറിയത്. റോഡുകള്‍ക്കും ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിക്കുന്നതിനും ഇത് കാരണമായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ കടല്‍ തീരങ്ങളിലാണ് കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടത്. കടലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് കടല്‍ തീരങ്ങളില്‍ ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാനും ദേശീയ സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രം നിര്‍ദേശിച്ചു.